കണ്ണൂര്‍: രാജ്യത്തെ ആദ്യ തീരദേശ സേനാ പരിശീലന കേന്ദ്രത്തിന് കണ്ണൂരിലെ ഇരിണാവില്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി തറക്കല്ലിട്ടു. വികസന കാര്യത്തില്‍ രാഷ്ട്രീയം വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ പ്രതിരോധ മന്ത്രാലയവുമായി പൂര്‍ണ്ണമായും സഹകരിച്ചു. യു.ഡി.എഫ് സര്‍ക്കാരിന്റെ സഹകരണം ലഭിച്ചാല്‍ കൂടുകല്‍ പദ്ധതികള്‍ കേരളത്തില്‍ കൊണ്ടുവരും. എല്ലാവരുടെയും സഹകരണത്തോടെ വികസന കാര്യത്തില്‍ കേരളത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ് ഭരണകാലത്ത് വ്യവസായ വകുപ്പിന്റെ സഹകരണത്തോടെയാണ് ആറ് പദ്ധതികള്‍ സംസ്ഥാനത്ത് കൊണ്ടുവന്നത്. ഇക്കാര്യത്തില്‍ മുന്‍ മന്ത്രി എളമരം കരീമിനോട് നന്ദിയുണ്ട്. കൂടുതല്‍ പദ്ധതികള്‍ ഇനിയും സംസ്ഥാനത്ത് കൊണ്ടുവരും. ഇക്കാര്യത്തില്‍ സാങ്കേതിക തടസങ്ങള്‍ പറയരുത്.
ശക്തമായ പ്രതിപക്ഷമാണ് ഇത്തവണ നിയമസഭയിലുള്ളത്. രാഷ്ട്രീയ ഭിന്നതകള്‍ നിയമസഭയില്‍ ആകാം. വികസന കാര്യത്തില്‍ സഹകരിച്ച് മുന്നേറണം. കേരള സര്‍ക്കാര്‍ സഹകരിച്ചാല്‍ ഇരട്ടി സഹകരണം കേന്ദ്രസര്‍ക്കാര്‍ നല്‍കും. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് ജോലി ലഭിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയം വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.