ചെന്നിത്തലക്കെതിരെ നീക്കം; ഗ്രൂപ്പ് പോര് കടുക്കും;

തിരഞ്ഞെടുപ്പിലെ തിരിച്ചടി പാര്‍ട്ടി നേതൃത്വത്തിന് മേല്‍ കെട്ടിവെയ്ക്കാനാണ് രണ്ടാംനിര നേതാക്കളുടെ ശ്രമം. നേതൃത്വത്തിന്റെ പിടിപ്പുകേടും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകളും വിജയസാധ്യതയില്ലാത്ത സ്ഥാനാര്‍ഥികളെ കെട്ടിയേല്‍പ്പിച്ചതും തിരിച്ചടിയ്ക്ക് കാരണമായെന്ന് ചൂണ്ടിക്കാണിച്ചാണ് സംസ്ഥാന നേതൃത്വം കൈയാളുന്ന ചെന്നിത്തലയ്‌ക്കെതിരെ പടയൊരുക്കം നടക്കുന്നത്. കെപിസിസി പ്രസിഡന്റിനെതിരെ ഹൈക്കമാന്റിനോട് നേരിട്ട് പരാതിയും പോയിട്ടുണ്ട്.
മന്ത്രിസ്ഥാനം കിട്ടാത്ത കെ മുരളീധരന്‍ ആദ്യ വെടിപൊട്ടിച്ചതിന് പിന്നാലെ ഒട്ടേറെ നേതാക്കളാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഏറ്റവുമവസാനം ടി.എന്‍.പ്രതാപന്‍ എംഎല്‍എ രൂക്ഷവിമര്‍ശനമാണ് ചെന്നിത്തലക്കെതിരെ ഉന്നയിച്ചത്.
കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഎം സുധീരന്‍, വിഡി സതീശന്‍ തുടങ്ങിയവരും നേതൃത്വത്തിന്റെ പാളിച്ചകളും സംഘടനാപരമായ ദൌര്‍ബല്യമാണ് മികച്ച വിജയം ഉണ്ടാകാത്തതിനു പിന്നിലെന്ന് പറഞ്ഞിരുന്നു.
അതേ സമയം രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന വിശാല ഐ ഗ്രൂപ്പിന്റെ നേതാക്കളില്‍ ചിലര്‍ചാനല്‍ ചര്‍ച്ചകളില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയും ആക്ഷേപമുന്നയിച്ചു. മികച്ച വിജയം നേടാനാകാത്തതിനു ഉമ്മന്‍ ചാണ്ടിയും ഉത്തരവാദിയാണെന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്. പലപ്പോഴും എതിര്‍പാര്‍ട്ടിക്കാരെ പോലെയാണ് ചാനലുകളില്‍ രണ്ട് ഗ്രൂപ്പുകാരും തര്‍ക്കിച്ചിരുന്നത്.
മുഖ്യമന്ത്രിക്കസേര സ്വപ്‌നം കണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ കെപിസിസി പ്രസിഡന്റ് ഇറങ്ങിത്തിരച്ചതുമുതല്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചുവെന്ന് ഇവര്‍ പറയുന്നു. ഇത് ആവശ്യമില്ലാത്ത സംശയങ്ങള്‍ ഉയരാനും ഇടയാക്കി. അദ്ദേഹം മത്സരിക്കുന്നതിലൂടെ യുഡിഎഫിനു ലഭിക്കുമെന്നു കരുതിയ ചില സമുദായങ്ങളുടെ വോട്ടു കിട്ടിയില്ലെന്നു മാത്രമല്ല ചിലര്‍ എതിരാകുകയും ചെയ്തു.
മന്ത്രിസ്ഥാനം നിശ്ചയിച്ചപ്പോളും പ്രവര്‍ത്തന മികവോ കഴിവോ അല്ല മാനദണ്ഡമാക്കിയതെന്നും വ്യക്തിപരവും ഗ്രൂപ്പടിസ്ഥാനത്തിലും സാമുദായികവുമായ താല്‍പര്യങ്ങളാണു പരിഗണിച്ചതെന്നുമുള്ള വിമര്‍ശനങ്ങളും ശക്തമാണ്. ഇത് പാര്‍ട്ടിയുടെയും മുന്നണിയുടെയും പ്രതിച്ഛായ ആരംഭത്തിലേ മോശമാക്കി.
അടുത്ത ആഴ്ചയില്‍ തിരഞ്ഞെടുപ്പുഫലം വിലയിരുത്താന്‍ കെപിസിസി നിര്‍വാഹക സമിതിയോഗം ചേരുന്നുണ്ട്്്. രൂക്ഷമായ വിമര്‍ശനം യോഗത്തില്‍ ഉയരുമെന്നാണു സൂചന. യോഗത്തില്‍ ചെന്നിത്തലയ്‌ക്കെതിരെ നേതാക്കള്‍ പരസ്യമായി രംഗത്തുവരുമെന്നും സൂചനകളുണ്ട്. ഗ്രൂപ്പ് കളി രൂക്ഷമാവുമെന്ന് സൂചനകള്‍ നല്‍കി സംസ്ഥാനത്ത് പലയിടത്തും ഗ്രൂപ്പ് യോഗങ്ങളും തുടങ്ങിക്കഴിഞ്ഞതായാണ് അറിയുന്നത്.


Click it and Unblock the Notifications