മാനഭംഗം: 24കാരനെ ജനക്കൂട്ടം ചുട്ടുകൊന്നു
വാറങ്കല്‍: മാനഭംഗക്കേസ് പ്രതിയെ കുപിതരായ ജനക്കൂട്ടം പൊലീസിന്റെ സാന്നിധ്യത്തില്‍ തീയിട്ടുകൊന്നു. ആന്ധ്ര പ്രദേശിലെ വാറങ്കല്‍ ജില്ലയിലാണ് ജനക്കൂട്ടം നീതി നടപ്പാക്കിയത്. ഇരുപത്തിനാലുകാരനായ ബാബു എന്നയാളാണ് മരിച്ചത്.
ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആദ്യവട്ടം ഇയാളുടെ പീഡനശ്രമം ചെറുത്ത പെണ്‍കുട്ടിയെ ഇയാള്‍ ഹാമര്‍ കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തുകയായിരുന്നു.
സംഭവമറിഞ്ഞ് തടിച്ചുകൂടിയ സ്ത്രീകളുള്‍പ്പെടെയുള്ള ജനക്കൂട്ടം ബാബുവിനെ പിടികൂടി പെണ്‍കുട്ടിയുടെ വീട്ടിന് മുന്നില്‍ വച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. അറുപത് ശതമാനം പൊള്ളലേറ്റ ബാബു സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു.
പൊലീസ് ഇയാളെ പിടികൂടി കൊണ്ടുപോകുന്നതിനിടെ വാഹനം തടഞ്ഞുവച്ച് സ്ത്രീകള്‍ ഇയാളെ വലിച്ച് പുറത്തിറക്കുകയായിരുന്നു. ബാബുവിന് ഭാര്യയും മൂന്ന് പെണ്‍മക്കളുമുണ്ടെന്ന്് പൊലീസ് പറഞ്ഞു.
പതിനെട്ടുകാരിയാണ് ഇയാളുടെ ആക്രമണത്തിന് ഇരയായത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയം നോക്കി ഇയാള്‍ അതിക്രമിച്ചുകയറി കുട്ടിയെ കീഴപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
പെണ്‍കുട്ടി വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ഇയാള്‍ ജോലിക്കായി ഉപയോഗിച്ചിരുന്ന ഹാമര്‍ കൊണ്ട് കുട്ടിയെ മര്‍ദ്ദിയ്ക്കുകയും പീഡനശ്രമം തുടരുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഇയാളെ പിടികൂടിയത്.












Click it and Unblock the Notifications