2ജി: ദയാനിധി മാരന്‍ രാജിയുടെ വക്കില്‍

ടെലികോം കമ്പനിയായ എയര്‍സെല്‍ ശിവ ഗ്രൂപ്പില്‍നിന്നു മാക്‌സിസ് ഗ്രൂപ്പ് വാങ്ങിയതിനുപിന്നില്‍ മാരനാണെന്നും പ്രത്യുപകാരമായി മാരന്റെ സഹോദരന്‍ നടത്തുന്ന സണ്‍ നെറ്റ്‌വര്‍ക്കില്‍ മാക്‌സിസ് ഗ്രൂപ്പ് 700 കോടി രൂപ നിക്ഷേപിച്ചെന്നുമാണ് ആരോപണങ്ങള്‍. ആരോപണം ശക്തമായ നിലയ്ക്ക് മാരന്‍ രാജിവയ്‌ക്കേണ്ടിവന്നേയ്ക്കുമെന്ന് സൂചനയുണ്ട്.
തനിക്കെതിരേ നടക്കുന്ന ഗൂഢാലോചനയാണ് ഇപ്പോഴത്തേതെന്നും താന്‍ യാതൊരു വിധത്തിലുള്ള അഴിമതിയും നടത്തിയിട്ടില്ലെന്നുമാണ് മാരന്‍ പറയുന്നത്. മാരന്‍ രാജിവയ്ക്കുകയോ പ്രധാനമന്ത്രി അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്നു മുഖ്യമന്ത്രി ജയലളിതയും ബി.ജെ.പി, സി.പി.എം. നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.
എയര്‍സെല്‍ കമ്പനി മാക്‌സിസ് ഗ്രൂപ്പിനു വില്‍ക്കേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് ശിവ ഗ്രൂപ്പ് തലവന്‍ എസ്. ശിവശങ്കരന്‍ മേയ് പകുതിക്കുതന്നെ സിബിഐക്കു പരാതി നല്‍കിയിരുന്നതായി അറിയുന്നു. 2004 മേയ് മുതല്‍ 2007 മേയ് വരെ ടെലികോം വകുപ്പു ഭരിച്ചിരുന്ന മാരന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് എയര്‍സെല്‍ മലേഷ്യന്‍ കമ്പനിയായ മാക്‌സിസിനു വില്‍ക്കേണ്ടിവന്നതെന്നാണ് ശിവശങ്കരന്‍ നല്‍കിയ പരാതി.
ഇതു സംബന്ധിച്ച് അദ്ദേഹത്തില്‍നിന്നു സിബിഐ തെളിവെടുത്തേക്കും. പരാതിയുടെ അടിസ്ഥാനത്തില്‍ മാരനെയും മാക്‌സിസ് ഗ്രൂപ്പ് തലവന്‍ ടി. അനന്ത്കൃഷ്ണനെയും സിബിഐ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മാരനെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകനും ലോക്പാല്‍ സംയുക്ത സമിതി അംഗവുമായ പ്രശാന്ത് ഭൂഷണ്‍ ഇന്നലെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. രാജി ആവശ്യം ശക്തമായ സാഹചര്യത്തില്‍ മാരന്‍ ബുധനാഴ്ച ടെലികോംമന്ത്രി കപില്‍ സിബലുമായി കൂടിക്കാഴ്ച നടത്തി.












Click it and Unblock the Notifications