68-73: സഭയില്‍ പോരിന് തുടക്കം

സ്പീക്കര്‍ വോട്ടെടുപ്പിന് ശേഷം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് സഭയ്ക്ക് മുമ്പാകെ പ്രോ ടേം സ്പീക്കര്‍ വോട്ട് ചെയ്തതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടിയത്. ഭരണഘടനയുടെ 189 (1) ചട്ടപ്രകാരം പ്രോ ടേം സ്പീക്കര്‍ക്ക് വോട്ട് ചെയ്യാന്‍ പാടില്ലെന്നും വോട്ടിംഗ് നില തുല്യമായാല്‍ കാസ്റ്റിംഗ് വോട്ട് രേഖപ്പെടുത്താന്‍ മാത്രമേ അധികാരമുള്ളുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
എന്നാല്‍ പ്രോ ടൈം സ്പീക്കറുടെ വോട്ട് ഒഴിച്ചുനിര്‍ത്തിയാലും ജി. കാര്‍ത്തികേയന്‍ 72 വോട്ടുകള്‍ നേടിയിട്ടുള്ളതിനാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ അപാകതയില്ല.. എന്നാല്‍ അസാധാരണമായ ഈ സംഭവം സഭയുടെ ശ്രദ്ധയില്‍പെടുത്താന്‍ മാത്രമാണ് താന്‍ പ്രശ്‌നം ഉന്നയിക്കുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു. സ്പീക്കര്‍ക്കുള്ള അനുമോദ പ്രസംഗത്തിലും ഇരുപക്ഷവും തമ്മിലുള്ള ബലാബലത്തിന് വേദിയായി.
മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ വി.എസ് അച്യുതാനന്ദനാണ് ഇതിന് തുടക്കമിട്ടത്. 73 അംഗങ്ങള്‍ ഭരണപക്ഷത്തും 68 അംഗങ്ങള്‍ പ്രതിപക്ഷത്തുമുള്ള പ്രത്യേകതയാണ് ഈ സഭയ്ക്കുള്ളതെന്നും അതുകൊണ്ടുതന്നെ ചുമതലകളും ഉത്തരവാദിത്വങ്ങളും മനസിലാക്കി ഭംഗിയായി നിര്‍വഹിക്കാന്‍ സ്പീക്കര്‍ക്ക് കഴിയുമെന്നാണ് ആശിക്കുന്നതെന്നും ആയിരുന്നു വി.എസിന്റെ പരാമര്‍ശം. എന്നാല്‍ തുടര്‍ന്ന് സംസാരിച്ച പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.എം. മാണിയുമാണ് ഭരണപക്ഷത്തു നിന്ന് ഇതിന് വാക്കുകളിലൂടെ മറുപടി നല്‍കി തുടങ്ങിയത്.
68 നേക്കാള്‍ എന്തുകൊണ്ടും വലുതാണ് 73 എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. തോറ്റാലും വീണ്ടും വാദിക്കുന്ന നാടന്‍ മുന്‍ഷിമാരാണ് ഇപ്പോഴുളളതെന്നായിരുന്നു സാഹിത്യം കൂട്ടിക്കുഴച്ചുള്ള മാണിയുടെ മറുപടി. അപ്പുറത്തിരിക്കുന്നവര്‍ ഗണിതശാസ്ത്രം പറയുകയാണെന്നായിരുന്നു സി ദിവാകരന്റെ പരാമര്‍ശം. നല്ല പ്രതിപക്ഷം എപ്പോഴും ഭരണത്തിന്റെ മേന്‍മ വര്‍ധിപ്പിക്കാന്‍ ഇട നല്‍കുമെന്നും വി.എസിന്റെ പ്രതിപക്ഷം അങ്ങനെയൊരു അവസരമൊരുക്കിത്തരട്ടെയെന്ന് ആഗ്രഹിക്കുകയാണെന്നും മന്ത്രി ടി.എം. ജേക്കബ് പറഞ്ഞു. സ്പീക്കര്‍ക്കുള്ള അനുമോദനപ്രസംഗങ്ങള്‍ക്കിടയില്‍ ഭയപ്പെടുത്തലും ഭീഷണിപ്പെടുത്തലും നിര്‍ഭാഗ്യകരമായിപ്പോയി എന്നായിരുന്നു മന്ത്രി ഗണേഷ്‌കുമാറിന്റെ പരാതി. ഇങ്ങനെ കൊണ്ടുംകൊടുത്തും ഭരണപ്രതിപക്ഷ അംഗങ്ങള്‍ പതിമൂന്നാംസഭയുടെ രണ്ടാംദിനത്തെ സജീവമാക്കി നിര്‍ത്തി.












Click it and Unblock the Notifications