രാംദേവ് രാഷ്ട്രീയ ആസനം പഠിപ്പിക്കേണ്ട: സിബല്‍
ദില്ലി: രാംലീല മൈതാനത്ത് യോഗ ഗുരു രാംദേവ് നടത്തിയത് ആര്‍എസ്എസ് സ്‌പോര്‍സര്‍ ചെയ്ത സമരമാണെന്ന് കേന്ദ്രമന്ത്രി കപില്‍ സിബല്‍. രാംദേവിനെതിരായ പൊലീസ് നടപടി എല്ലാവര്‍ക്കും ഒരു പാഠമാണെന്നും സര്‍ക്കാറിന് നല്‍കിയ എല്ലാ ഉറപ്പുകളും രാംദേവ് ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
യോഗാചാര്യന്‍ രാഷ്ട്രീയ ആസനങ്ങള്‍ പഠിപ്പിക്കേണ്ടതില്ല. കള്ളപ്പണം തിരിച്ചുപിടിച്ച് രാജ്യത്തിന്റെ പൊതുസ്വത്താക്കി മാറ്റുമെന്ന ഉറപ്പ് രാംദേവിന് നല്‍കിയതാണ്. ഒടുവില്‍ അത് രേഖാമൂലം എഴുതി നല്‍കണമെന്ന് രാംദേവ് നിലപാട് മാറ്റി.
രാത്രി തന്നെ സര്‍ക്കാര്‍ അക്കാര്യം എഴുതി നല്‍കി. ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ചിട്ടും യാതൊരു ന്യായീകരണവുമില്ലാതെ സമരം തുടരുന്നത് കണ്ടുനില്‍ക്കാനായില്ല. രാഷ്ട്രീയ ശിബിരം തുടരുന്നതിനാലാണ് പോലീസ് നടപടി വേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗാഭ്യാസത്തിന് അനുമതി നല്‍കിയ വേദിയിലാണ് സമരം നടന്നത്. 5000 പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി നല്‍കിയത്. അവിടേക്ക് 50,000 പേരെയാണ് എത്തിച്ചത്. യോഗശിബിരം നടത്തേണ്ട വേദി രാഷ്ട്രീയ വേദിയായി മാറുന്നതാണ് കണ്ട്.
ക്രമസമാധാനം നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. പോലീസ് നടപടിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരേ നിലപാട് തന്നെയായിരുന്നു.ആര്‍എസ്എസിന്റെ മറ്റൊരു മുഖമാണ് രാംദേവ് തെളിഞ്ഞു- സിബല്‍ പറഞ്ഞു.












Click it and Unblock the Notifications