ആപ്പിള്‍ എ ഡേ: എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിയ്ക്കും
കൊച്ചി: ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് ഉടമകള്‍ നിക്ഷേപകരെ കബളിപ്പിച്ചു കോടിക്കണക്കിനു രൂപ തട്ടിയെടുത്തതു സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ആപ്പിള്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആദായനികുതി വകുപ്പും തീരുമാനിച്ചിട്ടുണ്ട്.
നിക്ഷേപകരുടെ വിലാസം, പൊലീസ് പിടിച്ചെടുത്ത രേഖകള്‍ തുടങ്ങിയവ ആദായനികുതി വിഭാഗം പരിശോധിക്കും. ആപ്പിള്‍ ഉടമകളുടെ ധനസ്രോതസ് സംബന്ധിച്ചും അന്വേഷിക്കും.
തട്ടിപ്പു നടത്തിയവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഞായറാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്.
ആപ്പിള്‍ പ്രോപ്പര്‍ട്ടീസ് ഉടമകളുമായി ബന്ധമുള്ളവരുടെ ബാംഗ്ലൂരിലെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തി. പാലാരിവട്ടം എസ്‌ഐ: അനില്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ബാംഗ്ലൂരില്‍ അന്വേഷണത്തിനെത്തിയത്.
ബാംഗ്ലൂരില്‍ ഇവര്‍ക്കുള്ള ബന്ധങ്ങള്‍ സംബന്ധിച്ചും ഇടപാടുകാരെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്. ആപ്പിള്‍ ഉടമകളിലൊരാളായ രാജീവ് കുമാര്‍ ചെറുവാരയുടെ ബന്ധുക്കളുടെ ഇന്ദിരാനഗറിലെ വീട്ടിലും പൊലീസ് പരിശോധന നടത്തി.
ആപ്പിള്‍ എ ഡേ തട്ടിപ്പു കേസിലെ മുഖ്യപ്രതി സാജു കടവിലാന്റെ മാതാവ് ലൈല നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളി. സാജു കടവിലാല്‍ ഒളിവിലായതിനാല്‍ അന്വേഷണത്തിന്റെ ഭാഗമായി പതിവായി പൊലീസ് വീട്ടിലെത്തുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ തന്നെയും പ്രതിചേര്‍ക്കാന്‍ ഇടയുണ്ടെന്നും കാണിച്ചാണ് ലൈല മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ആപ്പിള്‍ ഉടമകള്‍ രണ്ടുപേരും സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു.












Click it and Unblock the Notifications