ഭര്‍ത്താവിന്റെ മൃതദേഹവും കിട്ടി
ഹരിപ്പാട്: ദുരൂഹസാഹചര്യത്തില്‍ കാണാതായ ദമ്പതിമാരില്‍ ഭര്‍ത്താവിന്റെ ജഡവും കണ്ടെത്തി. ഓച്ചിറ പ്രയാര്‍ ക്ലാപ്പന ശിവംവീട്ടില്‍ മണിരാജിന്റെ മൃതദേഹവും സഞ്ചരിച്ച കാറും തോട്ടപ്പള്ളി ചെറിയ പാലത്തിന് സമീപത്തു നിന്നാണ് കണ്ടെത്തിയത്.
തോട്ടപ്പള്ളി എഎസ് കനാലില്‍ നിന്നാണ് രാവിലെ കാറും കാറിനുള്ളില്‍ കുടുങ്ങിയ നിലയില്‍ മണിരാജിന്റെ (34) മൃതദേഹവും കണ്‌ടെത്തിയത്. കാറിന്റെ മുന്‍സീറ്റില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഓച്ചിറ പ്രയാര്‍ തെക്ക് ആലും പീടിക കറുത്തറയില്‍ മണിരാജ് (34) ഭാര്യ നിഷ (30) എന്നിവരെ വ്യാഴാഴ്ച രാത്രിയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കെഎല്‍-23-777 സാന്‍ട്രോ കാര്‍ സഹിതം കാണാതായത്. ഭാര്യ നിഷയുടെ മൃതദേഹം ഞായറാഴ്ച ടിഎസ് കനാലില്‍ തൃക്കുന്നപ്പുഴ ചീര്‍പ്പിന് സമീപത്തുനിന്നും കണ്ടെത്തിയിരുന്നു.
നിഷയുടെ മൃതദേഹം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മണിരാജിന്റെ മൃതദേഹവും കണ്ടെത്തിയത്.
മണിരാജിനെയും നിഷയെയും കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തരയ്ക്കു ശേഷമാണ് കാണാതായത്. വെള്ളിയാഴ്ച ഗള്‍ഫിലെ ജോലിസ്ഥലത്തേക്ക് മടങ്ങാനിരുന്ന ഇവര്‍ വ്യാഴാഴ്ച രാവിലെ ഓച്ചിറ ചങ്ങന്‍കുളങ്ങരയിലുള്ള നിഷയുടെ കുടുംബവീട്ടില്‍നിന്ന് കാറില്‍ എറണാകുളത്ത് സാധനങ്ങള്‍ വാങ്ങാന്‍ പോയി.
നിഷയുടെ അച്ഛന്‍ വിശ്വനാഥന്‍ നായരുടെ കെ.എല്‍ 23 ബി 777 നമ്പര്‍ സാന്‍ട്രോ കാറിലായിരുന്നു യാത്ര. എറണാകുളത്തുനിന്ന് മടങ്ങിവരുന്നതിനിടയില്‍ രാത്രി ചേര്‍ത്തലയിലെ ഒരു ബാര്‍ ഹോട്ടലില്‍നിന്ന് ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. ഇവിടെനിന്ന് നിഷ വീട്ടിലേക്ക് വിളിച്ചിരുന്നു. പിന്നീട് ഇരുവരെയുംപറ്റി വിവരമൊന്നും ലഭിച്ചില്ല.
അന്വേഷണം നടക്കുന്നതിനിടെയാണ് തൃക്കുന്നപ്പുഴയില്‍ നിഷയുടെ മൃതദേഹം കാണുന്നത്. രണ്ടുദിവസത്തിലധികം പഴക്കമുള്ള മൃതശരീരം മത്സ്യങ്ങള്‍ കൊത്തിയതിനാല്‍ തിരിച്ചറിയാനാവാത്തവിധമായിരുന്നു.












Click it and Unblock the Notifications