നൃത്ത വിവാദം: രാജിവെക്കണമെന്ന ആവശ്യം സുഷമ തള്ളി

രാജ്ഘട്ടത്തില്‍ നൃത്തം ചെയ്ത സുഷമ മഹാത്മാ ഗാന്ധിയെ അടക്കം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത എല്ലാവരെയും അപമാനിച്ചെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ബി.കെ. ഹരിപ്രസാദ് പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ച് സുഷമ മാപ്പു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബാബ രാംദേവിന്റെ സമരസ്ഥലത്ത് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. രാജ്ഘട്ടില്‍ നടത്തിയ സത്യാഗ്രഹത്തിനിടെ സുഷമ നൃത്തം ചെയ്തതിന്റെ ദൃശ്യം ചാനലുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതാണ് വിവാദമായത്.
പാര്‍ട്ടി പ്രവര്‍ത്തകരുടെ മനക്കരുത്ത് കൂട്ടുന്നതിനായി ദേശഭക്തിഗാനത്തിനൊപ്പം ചുവടുവെക്കുകയായിരുന്നു താനെന്നാണ് സുഷമ പറഞ്ഞത്. പാര്‍ട്ടി പാരമ്പര്യത്തിനനുസൃതമായായിരുന്നു നൃത്തം. രാജ്ഘട്ടില്‍ ദേശഭക്തി ഗാനം പാടി ചുവടുവെച്ചതില്‍ ഗാന്ധിയുടെ ആത്മാവ് സന്തോഷിയ്ക്കുകയേ ഉള്ളുവെന്നും അവര്‍ പറഞ്ഞു.
രാജി ആവശ്യം തള്ളിയ ബി.ജെ.പി. വക്താവ് രാജീവ് പ്രതാപ് റൂഡി, സുഷമയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത് പാര്‍ട്ടി നേതൃത്വവും എം.പി.മാരുമാണെന്നും അല്ലാതെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അല്ലെന്നും തിരിച്ചടിച്ചു.












Click it and Unblock the Notifications