മരിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ കുഞ്ഞിന് ജീവന്‍
തൃശൂര്‍: മരിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ കുഞ്ഞിന് മറവുചെയ്യാന്‍ കൊണ്ടുവരുന്നതിനിടെ പുതുജീവന്‍. ഇതിനെത്തുടര്‍ന്ന് കുഞ്ഞിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുതുക്കാട് മണ്ണംപേട്ട കുന്നത്തുപറമ്പില്‍ റോബിന്റെയും റോയ്‌സിയുടെയും ആണ്‍കുഞ്ഞിനെയാണ് ജൂബിലി മിഷന്‍ ആശുപത്രിയിലെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരിക്കുന്നത്. ഏഴുദിവസം മുന്‍പ് തൃശ്ശൂര്‍ അശ്വിനി ആസ്പത്രിയിലാണ് കുഞ്ഞ് ജനിച്ചത്.
കുഞ്ഞിന്റെ കുടലില്‍ അസുഖം കണ്ടതിനെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുത്രിയിലേക്കു മാറ്റുകയും ബുധനാഴ്ച ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഉച്ചയ്ക്ക് ഒന്നരയോടെ കുഞ്ഞ് മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് മണ്ണംപേട്ട അമലോത്ഭവ മാതാ പള്ളി സെമിത്തേരിയില്‍ അടക്കംചെയ്യാനായി തയ്യാറെടുപ്പുകള്‍ നടത്തി. കുഞ്ഞിനെയും കൊണ്ട് ബന്ധുക്കള്‍ എറണാകുളത്തുനിന്നും തൃശൂരിലേയ്ക്ക് യാത്രതിരിച്ചു.
യാത്രാമധ്യേ വൈകീട്ട് ഏഴുമണിയോടെ നന്തിക്കരയില്‍വെച്ച് കുഞ്ഞിന് അനക്കമുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു.
തുടര്‍ന്ന് കൊടകരയിലെ ശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഥമശുശ്രൂഷകള്‍ക്കുശേഷം കുഞ്ഞിനെ തൃശ്ശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. വെന്‍റിലേറ്ററില്‍ കഴിയുന്ന കുഞ്ഞിന് ശ്വാസോച്ഛാസം ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
'സസ്‌പെന്‍ഡഡ് ആനിമേഷന്‍' എന്ന് അറിയപ്പെടുന്ന പ്രതിഭാസമാണിതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ജീവന്‍ നിലച്ചുപോയെന്ന് തോന്നുകയും എന്നാല്‍ കുറച്ച്കഴിഞ്ഞ് ശരീരത്തില്‍ ചലനം അനുഭവപ്പെടുകയും ചെയ്യുന്നതരത്തിലാണ് ഇത് അനുഭവപ്പെടുന്നതെന്നും വിദഗ്ധര്‍ വ്യക്തമാക്കി.












Click it and Unblock the Notifications