പെണ്‍വാണിഭം: അന്വേഷണ സംഘം ഷാര്‍ജയിലേയ്ക്ക്
പത്തനംതിട്ട: ഷാര്‍ജാ പെണ്‍വാണിഭക്കേസില്‍ അന്വേഷണം ഗള്‍ഫ് മേഖലയിലേയ്ക്ക് വ്യാപിപ്പിക്കുന്നു. കേസിലെ മുഖ്യപ്രതി സൗദയെ കണ്ടെത്താന്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിക്കഴിഞ്ഞു. കേസന്വേഷണത്തിനായി ഡിവൈഎസ്പി വി അജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉടന്‍തന്നെ ഷാര്‍ജയിലേയ്്ക്ക് തിരിക്കും. സൗദ ഷാര്‍ജയിലും ദുബായിലുമായി ഒളിവില്‍ കഴിയുകയാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
മുന്നൂറോളം യുവതികളെ ഷാര്‍ജയിലേക്കു പെണ്‍വാണിഭത്തിനായി കടത്തിയെന്ന പരാതിയിന്മേല്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അന്വേഷണം നടക്കുന്നത്. പത്തനംതിട്ട കുലശേഖരപതി സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കാന്‍ കോടതി ഉത്തരവിട്ടത്.
തിരുവനന്തപുരം റേഞ്ച് ഐ.ജി പത്മകുമാറിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം ഈ കേസില്‍ ഇതുവരെ രണ്ടാം പ്രതി ഉഡുപ്പിയിലെ ഹോട്ടലുടമ കാസര്‍കോഡ് ആലംപാടി ചാലക്കര ഹൗസില്‍ സി.എ. അഹമ്മദ് (42), മൂന്നാം പ്രതിയും മുഖ്യപ്രതി സൗദയുടെ മകളുമായ ഷെമിയ(റാണി28) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. മൂന്നുപ്രതികളാണ് ആകെയുളളത്.
മെയ് 1 ന് അറസ്റ്റിലായ മൂന്നാം പ്രതി ഷെമിയയ്ക്കു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എതിര്‍ഭാഗത്തുനിന്ന് ആരും ഹാജരാകാത്തതിനാല്‍ ജസ്റ്റിസ് വി. രാംകുമാറാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.
പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണമെന്നും എല്ലാ ബുധനാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും പത്തനംതിട്ട പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ഇതിനായല്ലാതെ പ്രവേശിക്കരുതെന്നുമുള്ള ഉപാധികളിന്‍മേലാണു ജാമ്യം. ഇപ്പോഴും റിമാന്‍ഡില്‍ കഴിയുന്ന ഷമിയയെ കാലാവധി കഴിയുന്ന വ്യാഴാഴ്ച പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
2007 ഓഗസറ്റ് 20നു പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം തേഞ്ഞുമാഞ്ഞു പോവുകയായിരുന്നു. സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു നാട്ടിലെത്തിയ കുലശേഖരപതി സ്വദേശിനി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് വീണ്ടും ഉയര്‍ന്നുവന്നത്.












Click it and Unblock the Notifications