തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐജി ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അദ്ദേഹം കത്തയച്ചു.
അനധികൃത വിദേശയാത്ര നടത്തിയതുമായി ബന്ധപ്പെട്ടു തച്ചങ്കരിക്കെതിരേ കേസുണ്ട്. തീവ്രവാദ ബന്ധമുള്ളവരോടു വിദേശത്തു വച്ചു ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വിവരം ലഭിച്ചിട്ടുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളെ തുടര്‍ന്നായിരുന്നു തച്ചങ്കരിക്കെതിരേ നടപടിയെടുത്തതെന്നും കത്തില്‍ വ്യക്തമാക്കി.
തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതു കേസ് അട്ടിമറിക്കാനും അന്വേഷണം വഴിതെറ്റിക്കാനും ഇടവരുത്തുമെന്നും വിഎസ് പറഞ്ഞു.