യെച്ചൂരിയ്ക്ക് തിരിച്ചറിവുണ്ട്: ബിനോയ് വിശ്വം
എറണാകുളം: കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം പ്രതീക്ഷിക്കാമെന്ന സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ വാക്കുകള്‍ സ്വാഗതാര്‍ഹമാണെന്ന് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം.
യച്ചൂരിയുടെ പ്രസ്താവന ഇന്ത്യന്‍ രാഷ്ട്രീയ യാഥാര്‍ഥ്യത്തെപ്പറ്റിയുള്ള തിരിച്ചറിവിന്റെ പ്രതിഫലനമാണ്.
സിപിഐയുടെ 1978ലെ ഭട്ടിന്‍ഡ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തത്വാധിഷ്ഠിതമായ ഏകീകരണം എന്ന നിലപാടിനോടു യോജിക്കുന്ന യച്ചൂരിയുടെ പ്രസ്താവന സ്വാഗതാര്‍ഹം തന്നെ- ബിനോയ് വിശ്വം പറഞ്ഞു.
കമ്യൂണിസ്റ്റ് ഐക്യം എന്ന ലക്ഷ്യം ഇരുപാര്‍ട്ടികളുടെയും അടുത്ത കോണ്‍ഗ്രസില്‍ പ്രഖ്യാപിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന കെ.ടി. ജേക്കബ്, ജേക്കബ് ഫിലിപ്പ് എന്നിവരുടെ സ്മരണാര്‍ഥം കൂത്താട്ടുകുളത്ത് സിപിഐ സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴാണ് സിപിഐ-സിപിഎം ലയനത്തിന് സാധ്യതകളുണ്ടെന്ന് യെച്ചൂരി പറഞ്ഞത്.
ഏറെനാളുകള്‍ക്ക് ശേഷം കമ്യൂണിസ്റ്റ് ലയന ചര്‍ച്ച രണ്ടുപാര്‍ട്ടികളിലും സജീവമാവുകയാണ്. നേരത്തേ ഇക്കാര്യത്തിന് സിപിഐ അനുകൂലഭാവം പ്രകടിപ്പിച്ചിരുന്നെങ്കിലും താരതമ്യേന ശക്തരായ സിപിഎം അത് കണക്കിലെടുത്തിരുന്നില്ല. എന്നാല്‍ ഇത്തവണ ഇക്കാര്യം മുന്നോട്ടുവച്ചിരിക്കുന്നത് സിപിഎമ്മിന്റെ ഒരു ഉന്നത നേതാവാണെന്നത് ചെറിയകാര്യമല്ല.
കേരളത്തിലും പശ്ചിമബംഗാളിലുണ്ടായ തോല്‍വിയാണ് സിപിഎമ്മിനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് നിരീക്ഷകര്‍ കരുതുന്നു. ത്രിപുരയില്‍ മാത്രമാണ് ഇപ്പോള്‍ ഇടതുപക്ഷം അധികാരത്തിലുള്ളത്. ഇരുകൂട്ടരും ഒന്നായി മാറ്റിയാല്‍ മുമ്പത്തേതിലും വലിയൊരു തിരിച്ചുവരവുണ്ടാക്കിയെടുക്കാമെന്നുതന്നെയായിരിക്കണം നേതാക്കളുടെ കണക്കുകൂട്ടല്‍.












Click it and Unblock the Notifications