ചന്ദ്രഗ്രഹണം ലൈവായി ഗൂഗിള്‍ ഡൂഡിലില്‍

വിശേഷാവസരങ്ങളിലെ ഗൂഗിള്‍ ഡൂഡിലുകള്‍ നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടംപിടിയ്ക്കാറുണ്ട്. എന്നാലിത്തവണത്തെ ഡൂഡിലിന് ഒരു പ്രത്യേകതയുണ്ട്. ആദ്യത്തെ ലൈവ് ഡൂഡിലെന്നാണ് ഗൂഗിള്‍ ഇതിനെ വിശേഷിപ്പിയ്ക്കുന്നത്. ചന്ദ്രഗ്രഹണം ഓരോ രണ്ടുമിനിറ്റിലും ഡൂഡിലില്‍ ഗൂഗിള്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു. പാത്രിരാത്രി മാനത്തേക്ക് നോക്കാന്‍ മടിയുള്ളവര്‍ ഗ്രഹണം എവിടെ വരെയായെന്നറിയാന്‍ ഗൂഗിള്‍ ഡൂഡില്‍ നോക്കിയാല്‍ മതിയായിരുന്നുവെന്ന് ചുരുക്കം.
ഗൂഗിളിന്റെ ഒ കളിലൊന്നിനെ ചന്ദ്രനാക്കി മാറ്റിയായിരുന്നു ഡൂഡില്‍ ആവിഷ്‌ക്കരിച്ചത്. സെര്‍ച്ച് എഞ്ചിനെ ഗ്രഹണക്കാഴ്ചയ്ക്ക് പുറമെ യൂട്യൂബ് ചാനലിലും ചന്ദ്രഗ്രഹണം ലൈവായി ഗൂഗിള്‍ വെബ്കാസ്റ്റ് ചെയ്തു.
നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും ഇരുണ്ടതുമായ പൂര്‍ണ ചന്ദ്രഗ്രഹണമായിരുന്നു കഴിഞ്ഞദിവസമുണ്ടായത്. ഇന്ത്യയില്‍ എല്ലായിടത്തും ഗ്രഹണം ദൃശ്യമായിരുന്നു. പൂര്‍ണചന്ദ്രന്‍ പതിവിലും ഇരുണ്ടാണു കാണപ്പെട്ടതെങ്കിലും ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോയ സൂര്യപ്രകാശം ചന്ദ്രനു ചുവപ്പ് നിറം നല്‍കി.
ഗ്രഹണത്തിന്റെ പൂര്‍ണമായ അവസ്ഥ നൂറു മിനിട്ട് നീണ്ടുനിന്നു. പൂര്‍ണചന്ദ്രഗ്രഹണം രാത്രി 12.52 ന് ആരംഭിച്ച് പുലര്‍ച്ചെ 2.32ന് അവസാനിച്ചെങ്കിലും ഭാഗികഗ്രഹണം ഒരു മണിക്കൂര്‍ കൂടി നീണ്ടു. ഇനിയിങ്ങനെയൊരു ഗ്രഹണം കാണണമെങ്കില്‍ 2141വരെ കാത്തിരിയ്‌ക്കേണ്ടി വരും.












Click it and Unblock the Notifications