മൂന്നാര്‍ ഓപ്പറേഷന്‍ സുരേഷ് കുമാറിനെതിരെ വിഎസ്

രവീന്ദ്രന്‍ പട്ടയങ്ങളുടെ പേരു പറഞ്ഞ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ തിരിഞ്ഞതാണ് ഒന്നാം മൂന്നാര്‍ ദൗത്യം പരാജയപ്പെടാന്‍ കാരണമായതെന്നും വി.എസ് ഇടുക്കിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വിഷയത്തില്‍ സുരേഷ്‌കുമാര്‍ ഉണ്ടാക്കിയ അനാവശ്യ വിവാദങ്ങളും പരാമര്‍ശങ്ങളും കാരണമാണ് അദ്ദേഹത്തെ തിരികെ വിളിച്ചത്. തന്റെ കാലത്തെ നടപടികള്‍ പൂര്‍ണ പരാജയമല്ലായിരുന്നെന്നും കയ്യേറ്റം ഒഴിപ്പിക്കാന്‍ സാധിച്ചതായും വിഎസ് പറഞ്ഞു. അമരാവതിസമരത്തിന്റെ അമ്പതാംവാര്‍ഷികം ഉദ്ഘാടനം ചെയ്യാനാനെത്തിയപ്പോഴാണ് വിഎസ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചത്.
സര്‍ക്കാര്‍ഭൂമി കൈയേറിയ വന്‍കിടക്കാര്‍ക്കെതിരെയുള്ള നടപടികള്‍ ഭരണകൂട ഭീകരതയായി ചിത്രീകരിക്കുന്നതിനു പിന്നില്‍ ചിലരുടെ താല്‍പര്യങ്ങളാണ്. ചെറുകിട കര്‍ഷകരെ സംരക്ഷിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈയേറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തത്്. അതാണ് വന്‍കിടക്കാരെ രക്ഷിക്കാനുള്ള ചിലരുടെ തീരുമാനത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നത്.
സര്‍ക്കാരിലേക്ക് ഒരു ചില്ലിക്കാശുപോലും അടക്കാതെയാണ് ഇവര്‍ഭൂമി തട്ടിയെടുത്ത് പണമുണ്ടാക്കിയിരുന്നത്. വന്‍കിടക്കാരെ ഒഴിപ്പിക്കാനാണ് മൂന്നാര്‍ ഒഴിപ്പിക്കലിന്റെ ചുമതലക്കാരനായ സുരേഷ്‌കുമാറിനോട് നിര്‍ദേശിച്ചിരുന്നത്. അതിനുപകരം ആദ്യം പോയി പാര്‍ട്ടി ഓഫീസുകള്‍ പൊളിച്ചു. അതാണ് വിവാദമായത്.
സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ സംബന്ധിക്കും. അംഗീകരിക്കാനാവുന്ന തീരുമാനമാണെങ്കില്‍ അംഗീകരിക്കും. പൊതുസ്വത്ത് കയ്യേറിയവരെ മാത്രമേ എല്‍ഡിഎഫ് ഒഴിപ്പിച്ചിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications