മരണം അരികില്‍; ആലീസിന് 10 മോഹങ്ങള്‍

കരളലയിക്കുന്നൊരു കഥയാണ് ആലീസിന് ഹോഡ്ജ്കിന്‍ എന്ന പതിനഞ്ചുകാരിയ്ക്ക് ലോകത്തോട് പറയാനുള്ളത്. രക്തത്തിലെ ശ്വേതാണുക്കളെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ രോഗം ബാധിച്ച ആലീസും മരണവും തമ്മില്‍ ഏതാനും ആഴ്ചകളുടെ അകലം മാത്രം ബാക്കി.
വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഉല്‍വെര്‍സ്റ്റന്‍ നഗരത്തില്‍ നിന്നുള്ള ഈ പെണ്‍കുട്ടിയ്ക്ക് ലോകത്തോട് വിടപറയും മുമ്പ് ചില ആഗ്രഹങ്ങളുണ്ട്. അതെല്ലാം അവള്‍ 'ആലീസ് ബക്കറ്റ് ലിസ്റ്റ്' എന്ന പേരില്‍ ബ്ലോഗിലെഴുതി. ഹോളിവുഡ്-ബോളിവുഡ് താരങ്ങള്‍ ആലീസിന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിയ്ക്കാന്‍ ഇറങ്ങിത്തിരിച്ചതോടെ ഓണ്‍ലൈനിലെ ട്രെന്‍ഡ് സെറ്ററായി ആലീസ് എന്ന നാമം മാറുകയും ചെയ്തു.
ജോണി ഡെപ്പ്, കാറ്റി പെറി, ജസ്റ്റിന്‍ ബീബര്‍ എന്നിങ്ങനെ ഒട്ടേറെ സെലിബ്രറ്റികളാണ് ആലീസിന് സഹായഹസ്തവുമായി എത്തുന്നത്. ഇവര്‍ക്കൊപ്പം ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, ഷഹീദ് കപൂര്‍, ഋത്വിക്ക് റോഷന്‍ എന്നിവരും ചേരുന്നു.
ആലീസിന്റെ മോഹങ്ങളെന്തൊക്കെയന്നല്ലേ, സ്രാവുകള്‍ക്കൊപ്പം നീന്തുക, ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മജ്ജദാനത്തിന് ആളുകളെ പ്രോത്സാഹിപ്പിയ്ക്കുക, കെനിയ സന്ദര്‍ശിയ്ക്കുക ഇതൊക്കെയാണ് ആലീസിന്റെ ബക്കറ്റ് ലിസ്റ്റിലുള്ളത്. യാത്ര ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച കാര്യമൊക്കെ ആലീസിനറിയാം. തന്റെ പ്രിയപ്പെട്ട നായ്ക്കുട്ടി മേബലുമായി ഡോഗ് ഷോയില്‍ പങ്കെടുക്കുക, കാരവാനില്‍ താമസിയ്ക്കുക, പര്‍പ്പിള്‍ കളര്‍ ഐപാഡ് വാങ്ങുക എന്നിങ്ങനെയുള്ള കുഞ്ഞുകുഞ്ഞുആഗ്രഹങ്ങളും കൗമാരക്കാരിയ്ക്കുണ്ട്.
ഹോളിവുഡ് ചിത്രമായ ബക്കറ്റ് ലിസ്റ്റില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ആലീസ് തന്റെ ബക്കറ്റ് ലിസ്റ്റും തയാറാക്കിയത്. മരണം ഉറപ്പായ രണ്ട് ക്യാന്‍സര്‍ രോഗബാധിതര്‍ തങ്ങളുടെ മോഹങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടത്തുന്ന യാത്രയായിരുന്നു ബക്കറ്റ് ലിസ്റ്റിന്റെ പ്രമേയം. ദസ്‌വിദാനിയ എന്ന പേരില്‍ ബോളിവുഡും ഈ പ്രമേയം സിനിമയാക്കി.സിനിമയിലുള്ളതു പോലെ ആലീസിന്റെ കുഞ്ഞുകുഞ്ഞു ആശകളും നിറവേറുമെന്ന് നമുക്ക് കരുതാം...












Click it and Unblock the Notifications