3 കുട്ടികളുണ്ടെങ്കില്‍ സൗജന്യമായി ഭൂമി!
മോസ്‌കോ: 'നാം ഒന്ന് നമുക്ക് ഒന്ന്', 121 കോടിയിലെത്തിയ ജനസംഖ്യാവര്‍ദ്ധനവ് പിടിച്ചുനിര്‍ത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ മുദ്രാവാക്യം ഇതാണ്. അയല്‍പക്കത്തുള്ള ചൈനയിലെ കാര്യം ഇതിലും കഷ്ടമാണ്. അവിടെ പണ്ടേക്കുപണ്ടേ ഒന്നെന്നാണ് കണക്ക്. എങ്ങാനും രണ്ട് കുട്ടികളുണ്ടായിപ്പോയാല്‍ ജീവിതം കുളമായെന്ന് ഉറപ്പിയ്ക്കാം.
എന്നാല്‍ റഷ്യയിലെ കാര്യം നേരെ മറിച്ചാണ്. എങ്ങനെയെങ്കിലും ജനസംഖ്യ കൂട്ടാനാണ് നാട്ടുകാരോട് അവിടത്തെ സര്‍ക്കാര്‍ പറയുന്നത്. ഇതുമാത്രമല്ല മൂന്ന് കുട്ടികളുള്ള കുടുംബമാണെങ്കില്‍ ബോണസ്സായി റഷ്യന്‍ സര്‍ക്കാര്‍ സൗജന്യമായി ഭൂമി നല്‍കുമത്രേ. ഇതുസംബന്ധിച്ച നിയമഭേദഗതിയില്‍ പ്രസിഡന്റ് ദിമിത്രി മെദ്‌ദേവ് കഴിഞ്ഞദിവസമാണ് ഒപ്പുവച്ചത്. വീടുവെയ്ക്കാനാണ് മൂന്ന് കുട്ടികളുള്ളവരുടെ കുടുംബത്തിന് സര്‍ക്കാര്‍ സൗജന്യ ഭൂമി പദ്ധതി നടപ്പാക്കുന്നത്.
സോവിയറ്റ് യൂണിയന്‍ തകര്‍ന്ന 1990കളില്‍ 14 കോടി 80 ലക്ഷമായിരുന്നു റഷ്യയിലെ ജനസംഖ്യയെങ്കില്‍ ഇപ്പോഴത് 14 കോടി 30 ലക്ഷമായി കുറഞ്ഞു. ഈ നില തുടര്‍ന്നാല്‍ 2050-ാടെ റഷ്യയിലെ ജനസംഖ്യ 11 കോടി 10 ലക്ഷമായി കുറയുമെന്നാണ് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നാണ് ഗതികേടു നേരിടുന്നത്. ഈ പശ്ചാത്തലത്തിലാണ് മൂന്ന് മക്കളുള്ളവര്‍ക്ക് സൗജന്യഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.












Click it and Unblock the Notifications