ജെയ്പാല്‍ റെഡ്ഡിയുടെ അനന്തരവള്‍ മരിച്ചനിലയില്‍
ഹൈദരാബാദ്: കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡിയുടെ അനന്തരവള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. ഏപ്രില്‍ 18ന് ശനിയാഴ്ചയാണ് ഇരുപത്താറുകാരിയായ ഡോക്ടര്‍ കിരണ്‍ റെഡ്ഡിയെ ജൂബിലി ഹില്‍സിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കിരണ്‍ റെഡ്ഡിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് കിരണിന്റെ ഭര്‍ത്താവ് ഡോക്ടര്‍ ചൈതന്യ റെഡ്ഡിക്കെതിരേ പോലീസ് കേസെടുത്തു. അഞ്ചുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് നാലുവയസുള്ള മകളുണ്ട്.
ജയ്പാല്‍ റെഡ്ഡിയുടെ ഇളയസഹോദരി ഭാരതിയുടെ മകളായ കിരണ്‍ ത്വക് രോഗ വിദഗ്ധയായിരുന്നു. ചൈതന്യ റെഡ്ഡി ബിസിനസുകാരനും. കിരണിന്റെ ഇളയ സഹോദരന്‍ സുനിലിന്റെ വക പാര്‍ട്ടിയുണ്ടായിരുന്നു വെള്ളിയാഴ്ച. പാര്‍ട്ടി കഴിഞ്ഞു രാത്രി വൈകി വീട്ടില്‍ മടങ്ങിയെത്തിയ കിരണും ഭര്‍ത്താവും വെവ്വേറെ മുറികളിലാണത്രേ ഉറങ്ങിയത്.
ശനിയാഴ്ച രാവിലെ കിടക്കയില്‍ അബോധാവസ്ഥയില്‍ കണ്ട കിരണിനെ ഉടന്‍തന്നെ അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
മരണം സംശയകരമാണെന്നാണു പോലീസിന്റെ നിലപാട്. മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനും പങ്കുണ്ടെന്നു കാട്ടി ഞായറാഴ്ച കിരണിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.












Click it and Unblock the Notifications