ലോക്‍പാല്‍: അവസാനയോഗത്തിലും തീരുമാനമായില്ല

വിവാദമുയര്‍ത്തുകയും കേന്ദ്രസര്‍ക്കാറിന് തലവേദനയുണ്ടാക്കുകയും ചെയ്യുന്ന ലോക്പാല്‍ ബില്‍ പ്രശ്‌നം ഇനി ഏത് രൂപത്തിലായിരിക്കുമെന്ന കാര്യം ജൂലൈയില്‍ നടക്കുന്ന സര്‍വ്വകക്ഷിയോഗത്തിലും തുടര്‍ന്നു നടക്കുന്ന മന്ത്രിസഭായോഗത്തിലുമായിരിക്കും ഇനി നിശ്ചയിക്കപ്പെടുക.
ബില്‍ സംബന്ധിച്ച തര്‍ക്കവിഷയങ്ങളിലൊന്നും ധാരണയിലെത്താന്‍ ചൊവ്വാഴ്ചത്തെ യോഗത്തില്‍ സാധിച്ചില്ല. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടുകളുമായി മുന്നോട്ടുപോവുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
''വിയോജിപ്പിന്റെ കാര്യത്തില്‍ ഞങ്ങള്‍ രണ്ടു കൂട്ടരും യോജിപ്പിലായി'' ഇതായിരുന്നു യോഗത്തിനു ശേഷം മാനവശേഷി വികസന മന്ത്രി കപില്‍ സിബലിന്റെ പ്രതികരണം. ലോക്പാല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. എന്തുതന്നെയായാലും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
യോഗത്തില്‍ ഇരുവിഭാഗങ്ങളും ബില്ലിന്റെ കരടുരൂപങ്ങള്‍ കൈമാറി. എന്നാല്‍, തര്‍ക്കമുള്ള ആറു വിഷയങ്ങളില്‍ സമവായമുണ്ടാക്കാനായില്ല. സര്‍ക്കാറിന്റെ കരടുബില്ലിന് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മറുപടി അറിയിക്കണമെന്ന് പൗരസമൂഹ പ്രതിനിധികളോട് ആവശ്യപ്പെട്ടു.
രണ്ടു കരടു രൂപങ്ങളും അടുത്ത മാസം നടക്കുന്ന സര്‍വകക്ഷിയോഗം ചര്‍ച്ച ചെയ്യും. യോഗത്തില്‍ ഉരുത്തിരിയുന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ബില്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കും. തുടര്‍ന്ന് ഏതുതരത്തിലാണ് ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കേണ്ടതെന്ന് മന്ത്രിസഭ തീരുമാനിക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു.
ഏറെ നിരാശാജനകമായിരുന്നു ചൊവ്വാഴ്ചത്തെ യോഗമെന്ന് സമിതിയംഗം അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയിലാണ് ലോക്പാല്‍ നടപ്പാക്കുന്നതെങ്കില്‍ അഴിമതി തടയാനുള്ള ഈ സംവിധാനത്തിന് അകാലമരണം സംഭവിക്കുമെന്ന് സമിതിയംഗം അരവിന്ദ് കെജ്‌രിവാളും അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications