കര്‍ണാടകത്തില്‍ ബസ് യാത്രാക്കൂലി കൂട്ടി
ബാംഗ്ലൂര്‍: ഡീസല്‍ വില കൂട്ടിയതിന് പിന്നാലെ കര്‍ണാടകത്തില്‍ ബസ് യാത്രാക്കൂലി വര്‍ധിപ്പിച്ചു. ഞായറാഴ്ച അര്‍ധരാത്രിമുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നു.
യാത്രാനിരക്കിനോടൊപ്പം വിവിധ പാസ്‌നിരക്കുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. ഡീസല്‍ വില 3.72 രൂപ വര്‍ധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ചാര്‍ജ്‌വര്‍ധന ഒഴിവാക്കാന്‍ കഴിയില്ലെന്ന് മന്ത്രി ആര്‍. അശോക് പറഞ്ഞു.
നഗരത്തില്‍ ഒന്ന്, ആറ്, എട്ട് സ്‌റ്റേജുകളില്‍ ചാര്‍ജില്‍ മാറ്റമുണ്ടാവില്ലെന്നും രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ്, സ്‌റ്റേജുകളിലേക്കുള്ള നിരക്കില്‍ വര്‍ധനയുണ്ടാകുമെന്ന് ബാംഗ്ലൂര്‍ മെട്രൊ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. ചുരുങ്ങിയത് ഒരു രൂപയുടെ വര്‍ധനയുണ്ടാകും. എ.സി ബസ്സുകള്‍ക്കും നിരക്കുവര്‍ധന ബാധകമാണ്.
ബസ്പാസ്സ് നിരക്കിലും വര്‍ധനയുണ്ട്. ദിവസപാസില്‍ അഞ്ച് രൂപയുടെ വര്‍ധന വരുത്തി. 35 രൂപയുണ്ടായിരുന്നത് 40 രൂപയായി ഉയര്‍ത്തി. എ.സി വജ്രഗോള്‍ഡ് ബസ്സിന്റെ ദിവസപാസ്‌നിരക്ക് 85ല്‍ നിന്ന് 90 രൂപയായി ഉയര്‍ത്തി.
ഡീസല്‍ വിലവര്‍ധനമൂലം കര്‍ണാടക ആര്‍ടിസിക്ക് 78.84 കോടി രൂപയുടെ അധികബാധ്യതയുണ്ടായതായി അധികൃതര്‍ അറിയിച്ചു. ബാംഗ്ലൂര്‍-മൈസൂര്‍ നിരക്ക് 101 രൂപയായും രാജഹംസയുടെ നിരക്ക് 153 രൂപയായും ഉയര്‍ത്തി. നേരത്തേ ഇത് യഥാക്രമം 95 രൂപയും 143 രൂപയുമായിരുന്നു.
ഡീസല്‍വിലവര്‍ധനയെത്തുടര്‍ന്ന് ബസ് യാത്രാക്കൂലിയില്‍ ഏഴ് ശതമാനം വര്‍ധിപ്പിക്കാന്‍ ബാംഗ്ലൂര്‍ മെട്രൊ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും കര്‍ണാടക ആര്‍ടിസിയും തീരുമാനി്ക്കുകയായിരുന്നു.












Click it and Unblock the Notifications