അധ്യാപിക ഏത്തമിടീച്ചു; കുട്ടികള്‍ തളര്‍ന്നുവീണു
ജംഷഡ്പൂര്‍: അധ്യാപിക ഏത്തമിടീച്ചതിനെത്തുടര്‍ന്ന് അവശരായ ആറ് വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിസ്താപൂരില്‍ ബെല്‍ദി ചര്‍ച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികളാണ് ആശുപത്രിയിലായത്.
അധ്യാപകരുടെ യോഗം നടക്കുന്നതിനിടെ ബഹളമുണ്ടാക്കിയെന്നാരോപിച്ച് അധ്യാപിക കുട്ടികളോട് നൂറ് വട്ടം ഏത്തമിടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഏത്തം നൂറ് തികയ്ക്കാനുള്ള ശ്രമത്തിനിടെ കുട്ടികള്‍ തളര്‍ന്നുവീഴുകയായിരുന്നു.
തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതരും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന് കുട്ടികളെ അടുത്തുളള ടാറ്റ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നത് നിയമം മൂലം നിരോധിച്ചതനാല്‍ത്തന്നെ സംഭവം വലിയ വാര്‍ത്തയായിരിക്കുകയാണ്. എന്നാല്‍ സംഭവത്തെക്കുറിച്ച് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് ബിസ്താപുര്‍ പൊലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പ്രമോദ് കുമാര്‍ പറഞ്ഞു.
അധ്യാപികയുടെ പീഡനത്തെ സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെന്നും അധ്യാപികയ്‌ക്കെതിരേ അടിയന്തര നടപടി എടുക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞുവെന്നും കുട്ടികളുടെ രക്ഷാകര്‍ത്തക്കള്‍ പറയുന്നു. ഏത്തമിടുന്നതിനിടെ അധ്യാപിക വടികൊണ്ട് കുട്ടികളുടെ കാലുകളില്‍ അടിച്ചതായും രക്ഷിതാക്കള്‍ ആരോപിച്ചിട്ടുണ്ട്.
അതേസമയം ആരോപണങ്ങളെക്കുറിച്ച് പരിശോധിച്ചുവരികയാണെന്നാണ് സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചത്. അധ്യാപികയ്‌ക്കെതിരെ എന്തെങ്കിലും നടപടിയെടുത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.












Click it and Unblock the Notifications