ഡോക്ടര്‍മാര്‍ക്ക് ഫേസ്‍ബുക്കും ആയുധം
ദില്ലി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ തങ്ങളുടെ പ്രതിഷേധമറിയിക്കാന്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് ഫേസ്‍ബുക്കിനെയാണ്. ഇവരുടെ സംഘടനയായ റസിഡന്റ് ഡോക്ടേര്‍സ് അസോസിയേഷന്റെ ഫേസ്‍ബുക്ക് പേജായ ആര്‍ഡിഎ പാനലിലൂടെയാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ തങ്ങളുടെ ജോലി സംബന്ധമായ പ്രശ്‌നങ്ങളും ഹോസ്റ്റലിലെ പ്രശ്‌നങ്ങളും മറ്റുള്ളവരെ അറിയിക്കുന്നത്.
ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിലൂടെ പ്രശ്‌നം എല്ലാവരുമറിയുകയും അതിനാല്‍ എഐഐഎംഎസ് അധികൃതര്‍ പെട്ടന്ന് പ്രശ്‌നം പരിഹരിയ്ക്കാന്‍ തയ്യാറാവുകയും ചെയ്യുന്നുവെന്നതാണ് ഇത്തരമൊരു മാര്‍ഗ്ഗം തിരഞ്ഞെടുക്കാന്‍ ഡോക്ടര്‍മാരെ പ്രേരിപ്പിക്കുന്നത്.
''താമസക്കാരെ ഹോസ്റ്റലധികൃതര്‍ ഉപദ്രവിയ്ക്കുന്നു, എസി ഓഫാക്കിയിട്ടിരിയ്ക്കുന്നു'' ബുധനാഴ്ച വന്ന ഈ പോസ്റ്റിനെ തുടര്‍ന്ന് മറ്റു താമസക്കാരും അവരുടെ പ്രശ്‌നങ്ങള്‍ പോസ്റ്റു ചെയ്തു. ''ആശുപത്രി അധികൃതര്‍ 12 മണിക്കൂറെ എസി ഓണ്‍ ചെയ്യൂ എന്നു പറയുന്നു, രാത്രി ഡ്യൂട്ടിയിലേര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ എന്തു ചെയ്യണം?'' ആര്‍ഡിഎ പാനലില്‍ അംഗമായ കര്‍മ്മകുമാര്‍ പോസ്റ്റിലൂടെ ചോദിയ്ക്കുന്നു.
കുറച്ച് ആഴ്ചകള്‍ക്കു മുമ്പ് ഹോസ്റ്റലുകളിലെ പൊട്ടിയ ടാപ്പിന്റേയും തറയുടേയും ചിത്രങ്ങള്‍ ഫേയ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. വനിതാ റെസിഡന്റ് ഡോക്ടഴ്‌സിനു പ്രസവ ലീവ് അനുവദിയ്ക്കാത്തതിനെതിരെ ഫേസ്‍ബുക്കില്‍ പ്രക്ഷോഭം രൂക്ഷമായപ്പോള്‍ അധികൃതര്‍ക്കു ലീവ് അനുവദിയ്‌ക്കേണ്ടതായി വന്നിരുന്നു.
സ്വന്തമായി ഒരു വെബ് പേജ് എന്നതാണ് ആഗ്രഹമെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് സാധ്യമാകാതെ വരികയായിരുന്നുവെന്ന് ഒരു ആര്‍ഡിഎ അംഗം പറഞ്ഞു. ഇപ്പോള്‍ മിക്ക ഡോക്ടര്‍മാര്‍ക്കും നെറ്റ് കണക്ക്ഷനുള്ള മൊബൈല്‍ ഉണ്ടെന്നതും ഫേസ്‍ബുക്കിലൂടെയുള്ള പ്രതിഷേധം എളുപ്പമാക്കുന്നു.












Click it and Unblock the Notifications