ഗവേഷകയെ മാനഭംഗപ്പെടുത്തിയ പ്രൊഫസര്‍ അറസ്റ്റില്‍
ജയ്പുര്‍: ഗവേഷകയെ മാനഭംഗപ്പെടുത്തിയ കേസില്‍ രാജസ്ഥാന്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അറസ്റ്റിലായി. ഫിസിക്‌സ് വിഭാഗത്തിലെ ഡോക്ടര്‍ ആര്‍.കെ. സിംഘല്‍ ആണ് ഏപ്രില്‍ 28ന് തിങ്കളാഴ്ച രാത്രി അറസ്റ്റിലായത്.
ഇദ്ദേഹവും മറ്റൊരു അസിസ്റ്റന്റ് പ്രൊഫസറായ എസ്.എന്‍ ഡോലിയയും ചേര്‍ന്ന് അവരുടെ കീഴില്‍ ഗവേഷണം നടത്തിയിരുന്ന തന്നെ മാനഭംഗപ്പെടുത്തുകയും ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്തു എന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തില്‍ ഡോലിയയുടെ പങ്ക് അന്വേഷിച്ചു വരികയാണ്.
ഏതാനും മാസങ്ങള്‍ ഇത്തരത്തില്‍ പ്രൊഫസര്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നത്. സംഭവത്തിനെതിരെ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. ആരോപിതരായ രണ്ട് അധ്യാപകരെയും പുറത്താക്കണമെന്നതാണ് ഇവരുടെ ആവശ്യം.
രണ്ടുദിവസത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. വിദ്യാര്‍ഥിനിയോട് മാന്യത വിട്ട് പെരുമാറുകയും പരീക്ഷയില്‍ ജയിപ്പിക്കാന്‍ ചില വിദ്യാര്‍ഥികളില്‍നിന്ന് കൈക്കൂലി വാങ്ങുകയും ചെയ്തതിന് സികാര്‍ ആസ്ഥാനമായുള്ള നഴ്‌സിങ് സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ തിങ്കളാഴ്ച അറസ്റ്റിലായിരുന്നു.












Click it and Unblock the Notifications