കനിമൊഴിയെ മാപ്പുസാക്ഷിയാക്കിയേക്കുമെന്ന്
ദില്ലി: 2ജി അഴിമതിക്കേസുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലില്‍ കഴിയുന്ന ഡിഎംകെ എംപി കനിമൊഴിയ്ക്ക് ജയില്‍മോചനത്തിന് വഴിയൊരുങ്ങിയേയ്ക്കുമെന്ന് സൂചന. കലൈഞ്ജര്‍ ടിവിയ്ക്ക് ഡിബി റിയല്‍റ്റിയില്‍ നിന്നും ലഭിച്ച 200 കോടി രൂപയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ നല്‍കിയാല്‍ കനിയെ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഡിഎംകെയ്ക്ക് വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
സുപ്രീം കോടതികൂടി ജാമ്യാപേക്ഷതള്ളിയതോടെ മാനസികമായി തളര്‍ന്ന കനിമൊഴിയ്ക്ക് ഏറെ ആശ്വാസം നല്‍കുന്നതായിരിക്കും ഒരുപക്ഷേ ഈ വാഗ്ദാനം. ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഡിബി റിയാലിറ്റി മുന്‍ എംഡി ഷാഹിദ് ബല്‍വ കലൈഞ്ജര്‍ ടിവിയ്ക്ക്് പണം കൈമാറ്റം ചെയ്യാനായി മുമ്പ് നാല് തവണ ചെന്നൈയില്‍ എത്തിയിരുന്നതായി സൂചനകളുണ്ട്.
ഷാഹിദ് ബല്‍വ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് വഴിയാണ് പണം കൈമാറ്റം നടത്തിയതെന്നും ആ നേതാവിന്റെ പേര് വെളിപ്പെടുത്തിയാല്‍ കനിമൊഴിയെ മാപ്പുസാക്ഷിയാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വെളിപ്പെടുത്തല്‍ നടത്തി ആരോപണത്തില്‍ നിന്ന് രക്ഷപെടുന്നതിനെ കുറിച്ച് കനിമൊഴി പിതാവ് എം കരുണാനിധിയുമായി ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിന് കൃത്യമായ സ്ഥിരീകരണങ്ങളില്ല. ഇത്തരത്തിലൊരു അവസരമുണ്ടെങ്കില്‍ മാപ്പുസാക്ഷിയാകാനായിരിക്കും കരുണാനിധി മകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയെന്നത് ഏതാണ്ട് ഉറപ്പാണ്.
കാരണം കനിമൊഴി ജയിലിലായതോടെ കരുണാനിധിയും മാനസിക സമ്മര്‍ദ്ദത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും കനിമൊഴിയുടെ ജയിലില്‍പ്പോക്കുമെല്ലാം ചേര്‍ന്ന് ഡിഎംകെ കേന്ദ്രങ്ങളെ ആകെ നിശബ്ദമാക്കുകയാണ്. കനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതികൂടി തള്ളിയതോടെ ഡിഎംകെയിലെ അരക്ഷിതാവസ്ഥ രൂക്ഷമായിരിക്കുകയാണ്.
2ജി കേസില്‍ സിബിഐ സമര്‍പ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തിലാണ് കനിമൊഴിയെ പ്രതി ചേര്‍ത്തത്. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് മെയ് 20 മുതല്‍ കനിമൊഴി തീഹാര്‍ ജയിലിലാണ്. കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയ അര്‍ദ്ധസഹോദരന്‍ സ്റ്റാലിനെ കണ്ട് കനിമൊഴി ജയിലില്‍ തളര്‍ന്നുവീണിരുന്നു. മകനെയോര്‍ത്ത് കനിമൊഴി എപ്പോഴും ദുഖത്തിലാണെന്നും മിക്കവാറും സമയങ്ങളില്‍ സെല്ലിലിരുന്ന് കരയുന്നത് കാണാറുണ്ടെന്നും നേരത്തേ ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications