വിവാഹത്തട്ടിപ്പ്: കെട്ടിന് മുന്പ് വരന്‍ പിടിയില്‍
കൊച്ചി: വിവാഹത്തട്ടിപ്പിന് പദ്ധതിയിട്ട് വരനായി എത്തിയയാളെ കല്യാണത്തിന് തൊട്ടുമുമ്പ് പൊലീസ് പൊക്കി. തിരുവാണിയൂര്‍ സ്വദേശിനിയെ വിവാഹം ചെയ്യാനെത്തിയ പി സജീവ് എന്ന നാല്‍പതുകാരനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഭാര്യയും രണ്ടു് കുട്ടികളുമുള്ള സജീവ് മുപ്പത്തിയൊന്നുകാരിയെയാണ് തന്റെ വലയില്‍ വീഴ്ത്താന്‍ ശ്രമിച്ചത്.
പെരുമ്പളം ആശുപത്രിയ്ക്ക് സമീപമാണ് ഇയാള്‍ താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. തൃപ്പൂണിത്തുറയിലുള്ള മെഡിക്കല്‍ ഷോപ്പില്‍ വച്ചാണ് ഇയാള്‍ തിരുവാണിയൂര്‍ സ്വദേശിനിയെ പരിചപ്പെടുകയും വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തത്. വിവാഹത്തിന് മുമ്പ് യുവതിയുടെ ബന്ധുക്കള്‍ തന്നെയാണ് ഇയാളുടെ തട്ടിപ്പ് തിരിച്ചറിഞ്ഞ് പൊലീസിന് വിവരം നല്‍കിയത്.
ഇയാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ വീട്ടില്‍ വന്ന് ആലോചന നടത്താന്‍ പെണ്‍കുട്ടി പറഞ്ഞു. ഇതോടെ ഇയാള്‍ പെണ്‍കുട്ടി വഴി വീട്ടുകാരെക്കൊണ്ട് പത്രത്തില്‍ വിവാഹപരസ്യം കൊടുപ്പിച്ചു. തുടര്‍ന്ന് പരസ്യം കണ്ടിട്ടെന്ന രീതിയില്‍ വീട്ടില്‍ വിളിയ്ക്കുകയും പിന്നാലെ പെണ്ണുകാണാന്‍ ചെല്ലുകയും ചെയ്തു.
പെണ്ണുകാണലിനിടയില്‍ തന്റെ അമ്മ യാഥാസ്ഥിതിക നായര്‍ തറവാട്ടിലെ അംഗമാണെന്നും ദളിത് സമുദായത്തിലെ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ അനുവദിക്കില്ലെന്നും ആയതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തരുതെന്നും വിവാഹശേഷം അമ്മയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിക്കൊള്ളാമെന്നും ഇയാള്‍ പറഞ്ഞു.
പെണ്‍കുട്ടിയും വീട്ടുകാരും ഇതെല്ലാം വിശ്വസിച്ചു വിവാഹം നടത്താന്‍ തീരുമാനിച്ചു. ജൂണ്‍ ഒന്നിന് പുത്തന്‍കുരിശ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹക്കരാറിലും ഏര്‍പ്പെട്ടു. എന്നാല്‍ ആചാരപ്രകാരം നാട്ടുകാരെ വിവിളിച്ച് വിവാഹം നടത്തണമെന്ന് യുവതി വാശിപിടിച്ചതോടെ ബന്ധുക്കള്‍ ബുധനാഴ്ച രാവിലെ 10ന് വിവാഹം നടത്തിക്കൊടുക്കാനായി തിരുവാണിയൂര്‍ കുഴിയേറ്റ് മഹാദേവക്ഷേത്രത്തിലെത്തി.
വിവാഹത്തിനായി വധുവും ബന്ധുക്കളും എത്തിയതിന് പിന്നാലെ വരനും എത്തി. ക്ഷേത്രത്തിന് മുമ്പില്‍ തന്നെ സ്വീകരിക്കാന്‍ നിന്നവര്‍ക്കിടയില്‍ വധുവിന്റെ അമ്മാവനെയും അമ്മായിയെയും കണ്ട വരന്‍ കാറിലേക്ക് പിന്‍വലിഞ്ഞു.
കാരണം തിരക്കിയവരോട് ആ നില്‍ക്കുന്നവര്‍ വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്താല്‍ ഞാന്‍ കാറില്‍നിന്നിറങ്ങില്ല എന്നായിരുന്നു മറുപടി. സംശയം തോന്നിയ അമ്മാവന്‍ കാറില്‍ വന്ന് വരനെ കണ്ടു. ഇതോടെയാണ് ഇയാളുടെ കള്ളി പൊളിഞ്ഞത് .
തന്റെ വീടിന് സമീപത്താണ് ഇയാളുടെ വീടെന്നും, വീട്ടില്‍ ഭാര്യയും രണ്ടുകുട്ടികളും ഉണ്ടെന്നും പെണ്‍കുട്ടിയുടെ അമ്മാവന്‍ വ്യക്തമാക്കിയതോടെ തട്ടിപ്പുകാരന്‍ കാറില്‍ കയറി രക്ഷപ്പെടാനും ശ്രമിച്ചു.
ഈ സമയം അടുത്തുണ്ടായിരുന്നവര്‍ കാര്‍ തടയുകയും ഓട്ടോറിക്ഷകള്‍ ചേര്‍ത്തിട്ട് വഴിമുടക്കുകയും യുവാവിനെ കാറിനകത്തിട്ട് കൈകാര്യം ചെയ്ത് കാര്‍ പൂട്ടുകയും ചെയ്തു. പിന്നീട് പുത്തന്‍കുരിശ് പോലീസില്‍ പെണ്‍കുട്ടിയുടെ അമ്മാവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ്സെടുത്ത് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications