നിധി ശ്രീപത്മനാഭന്റേത്: ഉമ്മന്‍ചാണ്ടി

സംസ്ഥാനത്തിന്റെ അഭിമാനമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് സര്‍ക്കാര്‍ ചെലവില്‍ സംരക്ഷിക്കുമെന്നും സുപ്രീംകോടതിയുടെ അനുമതിയോടെ സ്ഥിരം സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതുവരെയുള്ള കണക്കനുസരിച്ച് നിധിശേഖരം 90,000 കോടി കവിഞ്ഞതിന് പിന്നാലെ ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രം കേരളത്തിന്റെ അഭിമാനമാണ്. ഇതിന് ചരിത്രപരവും പുരാവസ്തുപരവും വിശ്വാസപരവുമായ പ്രാധാന്യമുണ്ട്. നിലവറ തുറന്ന സമയത്തുതന്നെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്‍ പ്രാധാന്യത്തോടെ പുറത്തുവന്നു. ഈ സാഹചര്യത്തില്‍ ക്ഷേത്രത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.
ക്ഷേത്രത്തിന്റെ സുരക്ഷിതത്വവും സംരക്ഷണവും കേരളത്തിന്റെ കടമയും ആവശ്യവുമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. സ്വത്തുക്കള്‍ ക്ഷേത്രത്തിന്റേത് തന്നെയാണ്. അത് ശ്രീപത്്മനാഭ സ്വാമിക്ക് സമര്‍പ്പിക്കപ്പെട്ടതാണ്. ഇതിന് നല്‍കേണ്ട സംരക്ഷണത്തിന് വേണ്ടിവരുന്ന പൂര്‍ണമായ ചെലവ് സര്‍ക്കാര്‍ വഹിക്കും. വിശ്വാസികള്‍ക്ക് ആചാര അനുഷ്ഠാനങ്ങളോടെ ആരാധന നടത്തുന്നതിന് ഒരുവിധത്തിലും തടസ്സം ഉണ്ടാകാതെയും ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെയും ആയിരിക്കും സുരക്ഷ ഏര്‍പ്പെടുത്തുക- മുഖ്യമന്ത്രി അറിയിച്ചു.
സ്വത്തുക്കളുടെ മൂല്യം കണക്കാക്കി സുപ്രീംകോടതിക്ക് സമര്‍പ്പിക്കാനാണ് ഉത്തരവെന്നും അത് അതേപടി നടപ്പിലാക്കുമെന്നും ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കി.
ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, ഡിജിപി ജേക്കബ് പുന്നൂസ്, ഇന്റലിജന്‍സ് എഡിജിപി എ.ഹേമചന്ദ്രന്‍, ദക്ഷിണമേഖലാ എഡിജിപി ചന്ദ്രശേഖരന്‍, ഐ.ജി. ഗോപിനാഥ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications