നിത്യാദി നിലവറ തുറന്ന ശേഷം റിപ്പോര്‍ട്ട് നല്‍കും

ഉച്ചയ്ക്ക് പന്ത്രണ്ടിനും നാലിനും ഇടയ്ക്കാണ് നിലവറ തുറക്കുക. ക്ഷേത്രത്തിലെ നിത്യോപയോഗ സാധനങ്ങള്‍ സൂക്ഷിക്കുന്ന നിലവറയുടെ താക്കോല്‍ നമ്പിയുടെ കൈയിലാണ്. ക്ഷേത്ര പൂജ കഴിഞ്ഞ് നട അടയ്ക്കുന്നതിനും തുറക്കുന്നതിനും ഇടയ്ക്ക് മാത്രമെ നിലവറ തുറക്കാവൂ എന്നാണ് ആചാരം.
ആചാരം തെറ്റിക്കാതെ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് അറ തുറന്ന് കണക്കെടുപ്പ് പൂര്‍ത്തിയാക്കി നാലുമണിയ്ക്ക് മുമ്പ് അടയ്ക്കാനാണ് തീരുമാനം. നമ്പിയുടെ കൂടി സാന്നിധ്യത്തിലാവും പരിശോധന.
മീനം, തുലാം ഉല്‍സവങ്ങള്‍, മുറജപം, ലക്ഷദീപം, കളഭം തുടങ്ങിയ വിശേഷാല്‍പൂജകള്‍ക്കും എഴുന്നള്ളത്തിനും ചാര്‍ത്താനുള്ള ആഭരണങ്ങളും സാമഗ്രികളുമാണ് ഈ നിലവറയില്‍ സൂക്ഷിച്ചിരിക്കുന്നതെന്നാണ് സൂചന. വിശേഷാല്‍ പൂജകള്‍ നടക്കുമ്പോള്‍ മാത്രമാണ് ഈ നിലവറ തുറക്കാറുള്ളത്.
ഈ അറയിലെ കണക്കെടുപ്പുകൂടി പൂര്‍ത്തിയായാല്‍ നിരീക്ഷകസംഘം സുപ്രീംകോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കും.
'ബി' ഉരുക്കറയുടെ വാതില്‍ തുറക്കാനാകുന്നില്ലെന്നാണു നിരീക്ഷകസംഘത്തിന്റെ അഭിപ്രായം. സുപ്രീംകോടതിയുടെ അഭിപ്രായമാരാഞ്ഞശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടി കൈക്കൊള്ളുമെന്നാണ് സംഘം പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications