2ജി അഴിമതി; മാരനെതിരെ തെളിവുണ്ടെന്ന് സിബിഐ

നേരത്തെ ഇതേ കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ രാജിവച്ചിരുന്നു. രാജയ്ക്ക് പുറമെ ഡിഎംകെയുടെ മറ്റൊരു എംപിയും കരുണാനിധിയുടെ മകളുമായ കനിമൊഴിയും സ്‌പെക്ട്രം അഴിമതിക്കേസില്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. മാരനെ ഉടന്‍ ചോദ്യംചെയ്‌തേക്കുമെന്നാണു സി.ബി.ഐ. വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മന്ത്രിസഭാ പുനഃസംഘടനയ്ക്കു മുമ്പുതന്നെ മാരന്‍ രാജിവയ്ക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.
എസ്സാര്‍ ഗ്രൂപ്പിനെതിരേയും സി.ബി.ഐ. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അനധികൃതമായി ലൈസന്‍സ് ലഭിച്ചതെന്നു കരുതുന്ന ലൂപ്പ് ടെലികോം എസ്സാറിന്റെ ബിനാമി കമ്പനിയാണെന്നാണു സി.ബി.ഐ. കണ്ടെത്തല്‍.
ശിവ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ടെലികോം കമ്പനിയായ എയര്‍സെല്‍ മലേഷ്യന്‍ കമ്പനിയായ മാക്‌സിസ് ഗ്രൂപ്പിനു വില്‍ക്കാന്‍ മാരന്‍ എയര്‍സെല്‍ ഉടമയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് സി.ബി.ഐ. സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
തൊടുന്യായങ്ങള്‍ പറഞ്ഞ് എയര്‍സെല്ലിനു യുഎഎസ്. ലൈസന്‍സ് നല്‍കാതെ രണ്ട് വര്‍ഷം നട്ടംതിരിപ്പിച്ചെന്ന് സി.ബി.ഐ സുപ്രീം കോടതിയെ അറിയിച്ചു. മാരന്‍ ടെലികോം വകുപ്പു മന്ത്രിയായിരുന്നപ്പോള്‍ ടെലികോം സെക്രട്ടറിയായിരുന്ന നൃപേന്ദ്ര മിശ്രയും മാരനെതിരേ സി.ബി.ഐക്കു മൊഴിനല്‍കിയിരുന്നു.
മലേഷ്യന്‍ കമ്പനിക്ക് എയര്‍സെല്ലിന്റെ ഓഹരികള്‍ വില്‍ക്കാന്‍ മാരന്‍ സമ്മര്‍ദം ചെലുത്തിയതായി ശിവ ഗ്രൂപ്പ് ഉടമ ശിവശങ്കരന്‍ നേരത്തെ സി.ബി.ഐക്കു മൊഴിനല്‍കിയിരുന്നു. ദയാനിധി മാരന്‍ 2004 മുതല്‍ 2007 വരെയാണ് ടെലികോം മന്ത്രിയായിരുന്നത്.
ഈ സമയത്ത് എയര്‍സെല്‍ ഗ്രൂപ്പ് രാജ്യവ്യാപകമായി ലൈസന്‍സിന് അപേക്ഷിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് മാരന്‍ ഒഴിഞ്ഞു. ലൈസന്‍സ് നല്‍കാന്‍ വിവിധ മന്ത്രാലയങ്ങള്‍ അനുകൂലമായിരുന്നെങ്കിലും മാരന്‍ മാത്രമാണു തടസമായതെന്നു സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സി.ബി.ഐ. വ്യക്തമാക്കി.
നിവര്‍ത്തിയില്ലാതെ വന്നതിനേത്തുടര്‍ന്നു ശിവശങ്കരന്‍ തന്റെ കമ്പനി ഓഹരികള്‍ മലേഷ്യന്‍ കമ്പനിക്കു വില്‍ക്കുകയായിരുന്നുവെന്നു സി.ബി.ഐ പറയുന്നു. ലൈസന്‍സ് ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് 2006ല്‍ ശിവശങ്കരന്‍ എയര്‍സെല്ലിന്റെ 74 ശതമാനം ഓഹരികള്‍ ലങ്കന്‍ വംശജനായ തമിഴനും മലേഷ്യയിലെ വമ്പന്‍ വ്യവസായിയുമായ ടി. അനന്ത് കൃഷ്ണന്റെ മാക്‌സിസ് ഗ്രൂപ്പിനു വില്‍ക്കുകയായിരുന്നു. മാക്‌സിസ് ഗ്രൂപ്പ് എയര്‍സെല്‍ ഏറ്റെടുത്ത് ആറ് മാസത്തിനുള്ളില്‍ 14 സര്‍ക്കിളുകളില്‍ മാരന്‍ ലൈസന്‍സ് നല്‍കി.
ഇതിന്റെ പ്രത്യുപകരാമായി മൂന്നു മാസത്തിനകം മാക്‌സിസ് ഗ്രൂപ്പിന്റെ ഉപകമ്പനികള്‍ വഴി 700 കോടിയോളം രൂപ മാരന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ നെറ്റ്‌വര്‍ക്കില്‍ 20 ശതമാനം ഓഹരി ഏറ്റെടുത്തുകൊണ്ട് നിക്ഷേപിച്ചതായും സി.ബി.ഐ. റിപ്പോര്‍ട്ടില്‍ വിശദീകരിയ്ക്കുന്നു.
മാരന്‍ രാജിവച്ചു പോകുമെന്നു കരുതുന്നില്ലെന്നും പ്രധാനമന്ത്രി മാരനെ പുറത്താക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. മാരന്റെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ അദ്ദേഹം ഉടന്‍ രാജിവെച്ച് പുറത്തുപോകണമെന്ന് ബിജെപിയും ഇടതുകക്ഷികളും ആവശ്യപ്പെട്ടു.
2ജി സ്‌പെക്ട്രം കേസിലെ പണമൊഴുക്കു സംബന്ധിച്ച അന്വേഷണം ഓഗസ്റ്റ് 31നകം പൂര്‍ത്തിയാക്കുമെന്നും 2001 മുതല്‍ 2008 വരെയുള്ള സ്‌പെക്ട്രം ലൈസന്‍സ് വില്‍പനയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സമഗ്ര അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും സി.ബി.ഐ. സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications