നഗരത്തെ വെട്ടിലാക്കിയ സുന്ദരികള്‍
ഔറംഗാബാദ്: ലത്തൂര്‍ നഗരത്തിലുള്ളവര്‍ക്ക് കഴിഞ്ഞ രണ്ടു ദിവസമായി സമാധാനമായി വഴിനടക്കാനാവുന്നില്ല. പ്രശ്‌നം പേപ്പട്ടികളൊ ആനയോ ഒന്നുമല്ല. നഗരത്തിലിറങ്ങിയിരിയ്ക്കുന്ന സുന്ദരികളായ 43 ഭിക്ഷക്കാരികളാണ്. അടിപൊളി ജീന്‍സും ടോപ്പുമണിഞ്ഞ് കൈയ്യില്‍ വിലകൂടിയ ഹാന്‍ഡ് ബാഗുമായി വരുന്ന ഇവരെ കണ്ടാല്‍ കോളേജ് വിദ്യാര്‍ഥിനികളാണെന്നു തോന്നും. എന്നാല്‍ ഈ ''മാന്യ'' യുവതികള്‍ റോഡിലൂടെ പോകുന്നവരെ തടഞ്ഞു നിര്‍ത്തി ഭിക്ഷയാചിയ്ക്കുകയാണ്. അതും ഒന്നും രണ്ടും രൂപയൊന്നും ഇവര്‍ക്ക് വേണ്ട. തുടക്കം അന്‍പതു രൂപയിലാണ്. അതിനു മുകളിലേയ്ക്കു പോയാലും കുഴപ്പമൊന്നുമില്ല.
രാജസ്ഥാനില്‍ നിന്നു വന്ന ഇവര്‍ തത്കാലം ലത്തൂറിനെ തങ്ങളുടെ താവളമാക്കി മാറ്റിയിരിയ്ക്കുകയാണ്. തങ്ങളുടെ പ്രദേശത്ത് ഭയങ്കര ക്ഷാമമാണെന്നാണിവര്‍ പറയുന്നത്. അതുകൊണ്ടാണ് തങ്ങള്‍ക്ക് ഭിക്ഷയാചിയ്ക്കാനിറങ്ങേണ്ടി വന്നത് എന്നാണിവരുടെ വിശദീകരണം.
ഇപ്പോള്‍ ലത്തൂര്‍ പോലീസിനു തലവേദനയായി മാറിയിരിയ്ക്കുകയാണ് ഇവര്‍. എന്നാല്‍ ഇവരെ കുറിച്ച് രാജസ്ഥാന്‍ പോലീസില്‍ നിലവില്‍ പരാതികളൊന്നുമില്ല. അതുകൊണ്ടു തന്നെ ഇവര്‍ സ്ഥിരമായി കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരല്ലെന്നാണ് ലത്തൂര്‍ പോലീസിന്റെ നിഗമനം. ഇവരെ രാജസ്ഥാനിലേയ്ക്കു തന്നെ തിരിച്ചയക്കാനുള്ള ഒരുക്കത്തിലാണ് ലത്തൂര്‍ പോലീസ്.












Click it and Unblock the Notifications