വള്ളംകളി കയ്യാങ്കളിയായി
കുട്ടനാട്: ചമ്പക്കുളം മൂലം വള്ളംകളിയില്‍ വിജയിയെ ചൊല്ലിയുണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. ഫൈനലില്‍ മത്സരിച്ച കാരിച്ചാല്‍, ദേവാസ്, വള്ളങ്ങളിലെ തുഴച്ചിലുകാര്‍ ഒന്നാം സ്ഥാനം ആവശ്യപ്പെട്ടു രംഗത്തു വന്നതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
തുഴച്ചില്‍കാരും വള്ളംകളി പ്രേമികളും വിഐപി പവലിയനിലിടിച്ചു കയറി തുഴ കൊണ്ട് തല്ലു തുടങ്ങിയതോടെ പവലിയന്‍ തകര്‍ന്നു. ഇതോടെ ഫലപ്രഖ്യാപനവും സമ്മാനദാനവും മാറ്റി വച്ചു. മത്സരത്തിന്റെ വീഡിയോയും ഫോട്ടോയും വിദഗ്ദ സമിതി പരിശോധിച്ച ശേഷം ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച ഫലപ്രഖ്യാപനം നടത്തും.
മൂന്നാം ട്രാക്കിലൂടെ തുഴഞ്ഞ ദേവാസും രണ്ടാം ട്രാക്കില്‍ കാരിച്ചാലിനൊപ്പം ഒരേ പോലെ ഫിനിഷ് ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ട്രാക്കിന്റെ പകുതി പിന്നിട്ടപ്പോള്‍ മൂന്നാം ട്രാക്കില്‍ തുഴയേണ്ടിയിരുന്ന ദേവാസ് ചുണ്ടന്‍ കാരിച്ചാല്‍ ചുണ്ടന്റെ രണ്ടാം ട്രാക്കിലേയ്ക്കു കയറുകയായിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ടു വള്ളത്തിലേയും തുളച്ചില്‍കാര്‍ തമ്മില്‍ വഴക്കാരംഭിച്ചു. ഒടുവില്‍ രണ്ടു ചുണ്ടനും ഒരേ പോലെ ഫിനിഷ് ചെയ്തപ്പോള്‍ ഫലപ്രഖ്യാപനത്തിനായി കാണികള്‍ ആകാംക്ഷയോടെ കാത്തിരുന്നു. ദേവാസാണു ഒന്നാമതെന്ന് പ്രഖ്യാപിച്ചപ്പോള്‍ കാരിച്ചാലിന്റെ തുഴച്ചിലുകാര്‍ തങ്ങളാണ് ഒന്നാമതെത്തിയതെന്ന് അവകാശപ്പെട്ടത് സംഘര്‍ഷത്തിനു വഴിവയ്ക്കുകയായിരുന്നു.
സംഘര്‍ഷത്തില്‍ അമ്പലപ്പുഴ എസ്‌ഐ ആയ ഇഡി ബിജു, സിവില്‍ പോലീസ് ഓഫീസര്‍ അനില്‍ എന്നിവര്‍ക്കും പരിക്കേറ്റു.












Click it and Unblock the Notifications