കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സായി ബാബയുടെ മുറിയില്‍ 34 കിലോ സ്വര്‍ണം
പുട്ടപര്‍ത്തി: സത്യസായി ബാബയുടെ വാസസ്ഥാനമായിരുന്ന യജുര്‍ മന്ദിരത്തില്‍ നടത്തിയ പുതിയ പരിശോധനയില്‍ 34 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തു. ആദായനികുതി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം സായിബാബയുടെ സ്വകാര്യ മുറികളിലെ വസ്തുവകകളുടെ കണക്കെടുത്തപ്പോഴാണ് സ്വര്‍ണവും വെള്ളിയുമുള്‍പ്പെടെയുള്ള അമൂല്യശേഖരങ്ങളുടെ വിവരം ലഭിച്ചത്.
കഴിഞ്ഞ മാസം ബാബ താമസിച്ചിരുന്ന യജുര്‍ മന്ദിരത്തിലെ മുറിയില്‍ നിന്ന് 98 കിലോഗ്രാം സ്വര്‍ണവും 307 കിലോ വെള്ളിയും 11 കോടി രൂപയും കണ്ടെടുത്തിരുന്നു.
തിങ്കളാഴ്ചത്തെ പരിശോധനയില്‍ കണ്ടെടുത്ത സ്വര്‍ണവും വെള്ളിയും 5.8 കോടി രൂപയുടേതാണ്. രണ്ടുകോടിരൂപയും മുറിയില്‍ നിന്നും ലഭിച്ചു. എട്ടുമുറികളില്‍ നിന്നും കണ്ടെത്തിയ കോടിക്കണക്കിനു രൂപ വില വരുന്ന സമ്പാദ്യങ്ങള്‍ ആദായ നികുതി വകുപ്പിന്റെ നിര്‍ദേശപ്രകാരം ബാങ്കുകളിലേക്ക് മാറ്റി. പരിശോധന പൂര്‍ത്തിയായിട്ടില്ല. അനന്ത്പൂര്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്.
വ്യത്യസ്ത വലിപ്പത്തിലുള്ള നിരവധി പാക്കറ്റുകളിലാണ് സ്വര്‍ണവും വെള്ളിയുമൊക്കെ ശേഖരിച്ചിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.