പറവൂര്‍: സ്‌റ്റേഷനിലെത്താന്‍ ശോഭ ജോണിന് സമയമില്ല
കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സ്‌റ്റേഷനിലെത്തണമെന്ന് ക്രൈംബ്രാഞ്ച് നല്‍കിയ നിര്‍ദ്ദേശം ശോഭാ ജോണ്‍ ചെവിക്കൊണ്ടില്ല. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് ശോഭ ജോണിനെ അറിയിച്ചിരുന്നത്.
സ്‌റ്റേഷനിലെത്താന്‍ സമയമില്ലെന്നാണ് ഈ വീഴ്ചയ്ക്ക് ശോഭ ജോണ്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ ഉടന്‍തന്നെ ഹാജരാകണമെന്ന് പൊലീസ് വീണ്ടും ഇവരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത്തവണയും ഇവര്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ പൊലീസ് കൈക്കൊണ്ടേയ്ക്കുമെന്നാണ് സൂചന.
കോളിളക്കമുണ്ടാക്കിയ തന്ത്രിക്കേസിലെ പ്രധാന പ്രതിയായ ശോഭാ ജോണിന് പറവൂര്‍ പെണ്‍വാണിഭവുമായി ബന്ധമുണ്ടെന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അവരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
പറവൂരിലെ പെണ്‍കുട്ടിയെ അന്യസംസ്ഥാനക്കാരായ പൊലീസുകാര്‍ക്ക് എത്തിച്ചു കൊടുത്തതില്‍ ശോഭയ്ക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.
സംസ്ഥാനത്തെ കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘങ്ങളുമായും ഗുണ്ടാ നേതാക്കളുമായും ശോഭാ ജോണിന് ബന്ധമുണ്ടെന്നാണ് സൂചന. സംസ്ഥാനത്തെ വനിതാ ഗുണ്ടയെന്ന് പേരെടുത്ത ശോഭാ ജോണിന്റെ പേരില്‍ വ്യാജരേഖ ചമയ്ക്കല്‍ മുതല്‍ കൊലപാതകക്കേസുവരെ നിലവിലുണ്ട്.
ഗുണ്ടാ നേതാവ് ആല്‍ത്തറ വിനീഷ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുമ്പ് ശോഭാ ജോണ്‍ അറസ്റ്റിലായിരുന്നു. ആല്‍ത്തറ വിനീഷ് വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ശോഭാ ജോണിനെ അറസ്റ്റു ചെയ്തത്.












Click it and Unblock the Notifications