കാമുകിയെ തട്ടിക്കൊണ്ടു പോയി കഴുത്തറത്തു കൊന്നു
ദില്ലി: തന്നെ വിവാഹം കഴിയ്ക്കണമെന്നാവശ്യപ്പെട്ട കാമുകിയെ യുവാവ് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. മുഹമ്മദ് ഗുല്‍ഫാം(21) ആണ് കാമുകിയെ കൊലപ്പെടുത്തിയതിന് വെള്ളിയാഴ്ച അറസ്റ്റിലായത്.
ജൂണ്‍ 25 മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.
പെണ്‍കുട്ടിയെ അവസാനമായി കണ്ടത് ഗുല്‍ഫാമിന്റെ ഒപ്പമാണെന്നതിനാല്‍ പോലീസ് ഇയാളെ ചോദ്യം ചെയ്തു. പക്ഷേ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കി ഇയാള്‍ പോലീസിനെ കുഴക്കി. എന്നാല്‍ അവസാനം ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
പെണ്‍കുട്ടിയും ഇയാളുമായി 8 മാസമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെയാണെന്ന് ബോധ്യപ്പെട്ടതോടെ പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കില്ലെന്ന് ഇയാള്‍ അറിയിച്ചു. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ഗുല്‍ഫാമിന്റെ വീട്ടുകാരോട് തങ്ങളുടെ ബന്ധത്തെ പറ്റി പറയുമെന്ന് പെണ്‍കുട്ടി ഭീഷണി മുഴക്കി. ഇതോടെയാണ് പെണ്‍കുട്ടിയെ കൊല്ലാന്‍ ഗുല്‍ഫാം തീരുമാനിച്ചത്.
തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഹാപ്പൂറിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ തന്റെ ബന്ധുക്കളില്‍ ചിലര്‍ വരുമെന്നും വിവാഹം നടത്തുമെന്നും വിശ്വസിപ്പിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. എന്നാല്‍ ഗാസിയാബാദിലെത്തിയപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ ഒരു കരിമ്പിന്‍ തോട്ടത്തിനുള്ളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി കഴുത്തറത്തു കൊല്ലുകയായിരുന്നു.
ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്ന് ഗാസിയാബാദ് പോലീസ് അറിയിച്ചു. കൊലപാതകത്തിനുപയോഗിച്ച കത്തി, ഇവര്‍ സഞ്ചരിച്ച ബൈക്ക്, പെണ്‍കുട്ടിയുടെ വസ്ത്രം എന്നിവ പോലീസ് കണ്ടെടുത്തു.












Click it and Unblock the Notifications