വട്ടിയൂര്‍ക്കാവില്‍ പരീക്ഷണ തിരഞ്ഞെടുപ്പ്

സ്ഥാനാര്‍ഥികളും വിജയപരാജയങ്ങളും ഇതിലൊരു പ്രശ്‌നമല്ല. വോട്ടു രേഖപ്പെടുത്തിയാലുടന്‍ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും അടങ്ങിയ സ്ലിപ്പ് വോട്ടര്‍ക്ക് ലഭിക്കുന്ന രീതിയിലുള്ളതാണ് പുതിയ വോട്ടിങ് യന്ത്രം.
വോട്ട് രേഖപ്പെടുത്തിയാല്‍ വിശദാംശങ്ങള്‍ വോട്ടര്‍ക്കു തന്നെ കണ്ടു വിശ്വസിക്കാവുന്ന നവീന സംവിധാനമാണിത്. സ്ഥാനാര്‍ഥിയുടെ പേരിനു മുന്നിലെ ബട്ടണമര്‍ത്തിയാല്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, ക്രമനമ്പര്‍ എന്നിവ ബാലറ്റ് യൂണിറ്റിലെ പ്രത്യേക പ്രിന്ററില്‍ അച്ചടിച്ചു പ്രദര്‍ശിപ്പിക്കും.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 36 ബൂത്തുകളിലാണ് ഞായറാഴ്ച പോളിംഗ് നടക്കുന്നത്. രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് അഞ്ചുമണിവരെ നടക്കുന്ന പോളിംഗില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തിട്ടില്ലാത്തവര്‍ക്കും മണ്ഡലം, ബൂത്ത് പരിധിയില്‍പ്പെടാത്തവര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമടക്കം പങ്കെടുക്കാം.
വോട്ട് ചെയ്യുന്നവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനു പ്രത്യേകസര്‍വേ നടത്തും. പുതിയ സംവിധാനത്തിന്റെ സവിശേഷതകള്‍ വ്യക്തമാക്കുന്ന വീഡിയോ പ്രദര്‍ശനവും ബൂത്തുകളില്‍ നടത്തും. നവീന സംവിധാനം രാജ്യത്തെ വിവിധ കാലാവസ്ഥകളില്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ആദ്യം ഇത് വട്ടിയൂര്‍ക്കാവില്‍ പരീക്ഷിക്കുന്നത്.
കേരളത്തില്‍ വട്ടിയൂര്‍ക്കാവില്‍ മാത്രമാണ് ഈ മോക്ക്‌പോള്‍ അരങ്ങേറുക. ജമ്മു കാശ്മീരില്‍ ലഡാക്ക്, മേഘാലയയില്‍ ചിറാപുഞ്ചി, രാജസ്ഥാനില്‍ ജയ്‌സാല്‍മിര്‍, നോര്‍ത്ത്‌വെസ്റ്റ് ഡെല്‍ഹി എന്നിവിടങ്ങളിലും ഞായറാഴ്ച മോക്ക്‌പോള്‍ നടക്കും.
ഇതിനിടെ പുതിയ പരീക്ഷണം വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ.മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications