സൂപ്പര്‍താരങ്ങളിലൂടെ നല്‍കിയത് വ്യക്തമായ സന്ദേശം

മലയാളത്തിലെ കൂടുതല്‍ താരങ്ങള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് സൂചന. അടുത്ത റെയ്ഡ് ഒരു മുന്‍നിര യുവനടന്റെയും ഗ്ലാമര്‍ നടിയുടെയും വീടുകളിലായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സൂപ്പര്‍താരങ്ങള്‍ക്കെതിരെ തന്നെ ആദ്യം നടപടി സ്വീകരിച്ച് വ്യക്തമായ സന്ദേശം നല്‍കുകയെന്നതാണ് ആദായനികുതി വകുപ്പിന്റെ ലക്ഷ്യമെന്നാണ് സൂചന.
താരങ്ങള്‍ നല്‍കിയ നികുതി റിട്ടേണും നിര്‍മാതാക്കള്‍ നല്‍കിയ റിട്ടേണും ഒത്തുനോക്കിയപ്പോള്‍ കണ്ട അന്തരമാണ് ആദായനികുതി വകുപ്പിനെ പരിശോധനയ്ക്ക് പ്രേരിപ്പിച്ച ഒരു ഘടകം. ഒപ്പം ഇവരുടെ ബിസിനസ് സാമ്രാജ്യം വികസിക്കുന്നതും. ഭൂസ്വത്ത് പെരുകുന്നതും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. സിനിമയിലേതു കൂടാതെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയിലൂടെ ഇരുവരും സമ്പാദിക്കുന്നതും ആദായനികുതി വകുപ്പ് ശ്രദ്ധിച്ചിരുന്നു.
മൂന്നുമാസമായി താരങ്ങള്‍ ഇരുവരും തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉന്നതതലത്തിലുള്ള ആലോചനകള്‍ക്കും അനുമതിക്കും ശേഷമാണ് ഇരുവരുടെയും വീടുകളില്‍ പരിശോധന നടത്തിയത്.
ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമെന്ന പേരുകേട്ട ദുബായിലെ ബുര്‍ജ് ഖലീഫയില്‍ മോഹന്‍ലാല്‍ ഫ്‌ലാറ്റ് വാങ്ങിയതും വാര്‍ത്തയായിരുന്നു. കൂടാതെ, മഹാരാഷ്ട്രയിലുള്ള ഭൂമി തട്ടിയെടുക്കാന്‍ ഉന്നത പദവികള്‍ നേടിയ ഒരു നടന്‍ ശ്രമിക്കുന്നതായുള്ള വിവാദ വ്യവസായിയുടെ പരാതിയും കേന്ദ്രമന്ത്രാലയങ്ങള്‍ക്ക് കിട്ടിയിരുന്നുവെന്നാണ് സൂചന.
എന്നാല്‍ സൂപ്പര്‍താരങ്ങള്‍ക്കെതിരെ നടന്ന ഈ നീക്കം ഗൂഡാലോചനയുടെ ഭാഗമാണെന്ന രീതിയിലാണ് ചലച്ചിത്രലോകത്തുനിന്നുള്ള പ്രതികരണം. ഹിന്ദി ചലച്ചിത്രലോകത്തും മറ്റും താരങ്ങളുടെ സമ്പത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പതിവാണ്. എന്നാല്‍ മലയാളചലച്ചിത്രലോകത്ത് ഇത് ആദ്യത്തെ സംഭവമാണ്.












Click it and Unblock the Notifications