ഗുരുദക്ഷിണ,സ്‌കൂളിനെ പച്ചപുതപ്പിക്കുന്നു
ജയ്പ്പൂര്‍: രാജസ്ഥാനിലെ ഒരു അപ്പര്‍ പ്രൈമറി സ്‌കൂള്‍ 'ഗുരുദക്ഷിണ' കൊണ്ട് പച്ചപുതയ്ക്കുന്നു. ഈ സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങുന്ന ഓരോ കുട്ടിയും അധ്യാപകര്‍ക്ക് ദക്ഷിണ നല്‍കണമെന്ന് നിര്‍ബന്ധമാണ്. പക്ഷേ, പണവും സ്വര്‍ണവുമൊന്നുമല്ല ദക്ഷിണയായി നല്‍കേണ്ടത്. മരങ്ങളാണ്....
ജയ്പ്പൂരില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള സികാര്‍ നഗരത്തിലെ ഹര്‍ദയാല്‍ ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്‌കൂളില്‍ 2006 മുതല്‍ ഈ രീതി നിലവിലുണ്ട്.
ഇപ്പോള്‍ 800ഓളം മരങ്ങളുള്ള പച്ചപുതച്ച പ്രദേശമായി സ്‌കൂള്‍ മാറിയിരിക്കുകയാണ്.
ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ ഒന്നോ രണ്ടോ മരങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. അന്നത്തെ പ്രധാനഅധ്യാപകനായ മഹാവീര്‍ പ്രസാദ് സെയ്ന്‍ ഒരു പരിസ്ഥിതി വാദിയായിരുന്നു. അദ്ദേഹമാണ് ഈ മാതൃകാപരമായ രീതിക്ക് തുടക്കം കുറിച്ചത്.
എട്ടാം ക്ലാസ്സില്‍ നിന്നു വിജയിച്ച് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന ഓരോ കുട്ടിയും ചുരുങ്ങിയത് ഒരു മരമെങ്കിലും നട്ടിരിക്കണം. ഇക്കാര്യത്തില്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. പക്ഷേ, സ്‌കൂളിലെ ഒരു രീതിയായി ഇതു മാറി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം 33 മരങ്ങളാണ് നട്ടുപിടിപ്പിച്ചത്-ഇപ്പോഴത്തെ പ്രധാന അധ്യാപിക പരമേശ്വരി ദേവി പറഞ്ഞു.
സീനിയര്‍ കുട്ടികള്‍ വിടവാങ്ങുന്നതോടെ മരത്തിന്റെ പരിപാലനം ജൂനിയര്‍ കൂട്ടികള്‍ ഏറ്റെടുക്കും. സ്‌കൂള്‍ വിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതിനുശേഷവും പലകുട്ടികളും തങ്ങളുടെ മരങ്ങള്‍ കാണാനെത്താറുണ്ട്.












Click it and Unblock the Notifications