നാടകത്തിന് വിരാമം; യെഡ്ഡിയുടെ രാജി ഞായറാഴ്ച

ഉച്ചയ്ക്ക് ഒരു മണിയോടെ ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറും. ശനിയാഴ്ച അമാവാസിയായതിനാല്‍ രാജിവെയ്ക്കാന്‍ നല്ലദിവസമല്ലെന്നും അതിനാല്‍ ഞായറാഴ്ചത്തേയ്ക്ക് മാറ്റുയാണെന്നുമാണ് യെഡിയൂരപ്പ പറയുന്നത്.
രാജി പ്രഖ്യാപിച്ചിട്ടും സമ്മര്‍ദ്ദ തന്ത്രങ്ങള്‍ തുടര്‍ന്ന യെഡിയൂരപ്പയ്ക്ക് ഗത്യന്തരമില്ലാതെ പാര്‍ട്ടി അന്ത്യശാസനം നല്‍കിയിരുന്നു. രാജിക്ക് തയാറാകാത്ത പക്ഷം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടിവരുമെന്ന മുന്നറിയിപ്പാണ് നേതൃത്വം നല്‍കിയത്.
രാജി സംബന്ധിച്ച പ്രതിസന്ധി തീര്‍ന്നെങ്കിലും യെഡ്ഡിയുടെ പിന്‍ഗാമിയാരെന്നകാര്യത്തില്‍ തര്‍ക്കമുണ്ടാകുമെന്നകാര്യം ഉറപ്പാണ്. തന്റെ അനുയായികളില്‍ ആരെയെങ്കിലും മുഖ്യമന്ത്രിയാക്കി പിന്നില്‍ നിന്നു നിയന്ത്രിക്കുകയെന്നതാണ് യെഡിയൂരപ്പയുടെ തന്ത്രം. അതിനാല്‍ത്തന്നെ ഇക്കാര്യത്തില്‍ അദ്ദേഹം സമ്മര്‍ദ്ദതന്ത്രം തുടര്‍ന്നേയ്ക്കും.
തന്റെ എതിരാളിയായ അനന്ത്കുമാറിനെയാണ് നേതൃത്വം മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിക്കുന്നതെങ്കില്‍ യെഡിയൂരപ്പ കലാപക്കൊടി ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ നിരീക്ഷകരായി എത്തിയ അരുണ്‍ജെയ്റ്റ്‌ലിയും രാജ്‌നാഥ്‌സിങ്ങും നടത്തിയ ചര്‍ച്ചകള്‍ക്ക് ഇതുവരെയും സമവായമുണ്ടാക്കാനായില്ല.
ഇതിനിടെ യെഡിയൂരപ്പയെ രാജിവെയ്ക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഒരുകൂട്ടം എംഎല്‍എമാര്‍ രംഗത്തെത്തിയിട്ടുണ്ട്. രാജിവെയ്ക്കുകയാണെങ്കില്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാക്കണം, അദ്ദേഹം നിര്‍ദ്ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഇവര്‍ മുന്നോട്ടുവെയ്ക്കുന്നത്.












Click it and Unblock the Notifications