ദേവപ്രശ്നം: ഭക്തജനങ്ങള്‍ക്കും പങ്കെടുക്കാം

ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് ക്ഷേത്രത്തില്‍ ദേവപ്രശ്‌നം നടക്കുന്നത്. രാജകുടുംബത്തിന്റെ അഭിപ്രായപ്രകാരമാണ് ദേവപ്രശ്‌നം വീണ്ടും നടത്തുന്നത്. രാവിലെ പത്തുമണിയോടെ ക്ഷേത്രത്തിനുള്ളിലാണ് ദേവപ്രശ്‌നം തുടങ്ങിയത്.
ക്ഷേത്രതന്ത്രി ഇരിങ്ങാലക്കുട തരണനല്ലൂര്‍ പരമേശ്വരന്‍ തന്ത്രി മുഖ്യകാര്‍മികത്വം വഹിക്കുന്നു. ദേവപ്രശ്‌നകാര്യങ്ങളില്‍ പ്രസിദ്ധരായ കര്‍ണാടക സ്വദേശികള്‍ നാരായണരംഗ ഭട്ട്, പദ്മനാഭ ശര്‍മ തുടങ്ങി അഞ്ചോളംപേരും ദേവപ്രശ്‌നത്തില്‍ പങ്കെടുക്കുന്നുണ്ട്. സംശയനിവൃത്തിക്കായി ഭക്‌തര്‍ക്കും ദേവപ്രശ്നത്തില്‍ പങ്കെടുക്കാം.
രാവിലെ 8.30ന് രാശിപൂജ നടന്നു. തുടര്‍ന്നായിരുന്നു ദേവപ്രശ്‌നം തുടങ്ങിയത്. നിലവറകള്‍ തുറന്ന് പരിശോധന നടത്തിയതില്‍ അഹിതം സംഭവിച്ചിട്ടുണ്ടോ, ഏതെങ്കിലും തരത്തില്‍ അശുദ്ധിയുണ്ടായിട്ടുണ്ടോ, അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള പരിഹാരക്രിയകള്‍ എന്തെല്ലാം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും നോക്കുന്നത്.
സുരക്ഷയുടെ ഭാഗമായി ക്യാമറ അടക്കമുള്ള സാമഗ്രികള്‍ സ്ഥാപിക്കുന്നത് അശുദ്ധിക്കു കാരണമാവുമോ, ബി അറ തുറക്കുന്നതില്‍ എന്തെങ്കിലും അപാകതയുണ്ടോ എന്നീ കാര്യങ്ങളും നോക്കും.
ക്ഷേത്രത്തിലെ നിധിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കും മുമ്പ് ദേവപ്രശ്‌നം അനിവാര്യമാണെന്നു നേരത്തെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് അഭിപ്രായപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയെ കൊട്ടാരം അംഗങ്ങള്‍ സമീപിച്ചിരുന്നെങ്കിലും കോടതി ഇക്കാര്യത്തില്‍ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല.
അതേസമയം, ക്ഷേത്രത്തിലെ നിധിയുടെ കണക്കെടുക്കാന്‍ നിയോഗിച്ചിട്ടുള്ള വിദഗ്ദ്ധസമിതിയെ ഇക്കാര്യം രേഖാമൂലം അറിയിച്ചിട്ടില്ല. അടുത്ത പത്താം തീയതി മുതല്‍ മൂല്യനിര്‍ണയം പുനരാരംഭിക്കാനാണ് വിദഗ്ധ സമിതി തീരുമാനിച്ചിട്ടുള്ളത്.












Click it and Unblock the Notifications