പാമോലിന്‍ കേസ്: ചാണ്ടിയുടെ പങ്ക് അന്വേഷിക്കണം

പാമോയില്‍ ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ആരെയും പ്രതിയാക്കാന്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ മേയ് 31നാണ് വിജിലന്‍സ് എസ്.പി വി.എന്‍. ശശിധരന്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ജഡ്ജി പികെ ഹനീഫ വിധി പറഞ്ഞത്. അന്വേഷണ റിപ്പോര്‍ട്ട് 3 മാസത്തിനകം നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയ്ക്ക്് ഇടപാടില്‍ പങ്കില്ലെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് പാമോയില്‍ ഇറക്കുമതിക്ക് തീരുമാനമെടുത്തതെന്ന മുന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ടിഎച്ച് മുസ്തഫയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നത്.
പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള നിര്‍ദേശം അജണ്ടയ്ക്ക് പുറത്തുള്ള ഇനമായി ചര്‍ച്ച ചെയ്ത മന്ത്രിസഭായോഗത്തില്‍ ടിഎച്ച് മുസ്തഫയോടൊപ്പം ഉമ്മന്‍ചാണ്ടിയും ഒപ്പിട്ടിരുന്നതായി കോടതി നിരീക്ഷിച്ചു.
ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ ഒന്നരമാസം ഇത് സംബന്ധിച്ച ഫയല്‍ ഉണ്ടായിരുന്നു. പതിനഞ്ചു ശതമാനം സേവന നികുതി ഈടാക്കി പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയത് ധനമന്ത്രിയുടെ അറിവോടെയാണെന്നും കോടതി വിലയിരുത്തി. ഈ മൂന്ന് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ജഡ്ജി പി.കെ. മുഹമ്മദ് ഹനീഫ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യങ്ങളൊന്നും തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും കോടതി വിലയിരുത്തി.
പാമോയില്‍ ഇറക്കുമതി ചെയ്യുന്ന കാര്യം തനിക്കറിയാമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ സമ്മതിച്ചിരുന്നു. കേരളത്തില്‍ ഭക്ഷ്യ എണ്ണയുടെ ദൗര്‍ലഭ്യമുണ്ടായ സാഹചര്യത്തില്‍ മലേഷ്യയില്‍ നിന്നും പാമോയില്‍ ഇറക്കുമതി ചെയ്തതില്‍ അഴിമതി നടന്നുവെന്നാണ് കേസ്.
1992ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് 15,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനമെടുത്തത്. ടിഎച്ച് മുസ്തഫ കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പേരും വലിച്ചിഴച്ചത്. ഇടപാടിന് അംഗീകാരം നല്‍കിയ അന്നത്തെ ധനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ തന്നെ മാത്രം കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നുവെന്നായിരുന്നു ടിഎച്ച് മുസ്തഫയുടെ വാദം.












Click it and Unblock the Notifications