കോടതി ഉത്തരവ്: ഉമ്മന്‍ചാണ്ടി രാജിയ്‌ക്കൊരുങ്ങി?

എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും മന്ത്രിമാരും യുഡിഎഫ് നേതാക്കളും ചേര്‍ന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നുവത്രേ.
കോടതിവിധി വന്ന ഉടന്‍ ധാര്‍മ്മികതയുടെ പേരില്‍ രാജി വയ്ക്കാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിക്കുകയും ഇത് പ്രഖ്യാപിക്കാനായി അഞ്ചുമണിക്ക് വാര്‍ത്താസമ്മേളനം വിളിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ കോണ്‍ഗ്രസ് കടുത്തസമ്മര്‍ദ്ദത്തിലായി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ മന്ത്രിമാരും നേതാക്കളും തടിച്ചുകൂടി. മൂന്നുമണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് ഉമ്മന്‍ചാണ്ടിയെ രാജി തീരുമാനത്തില്‍നിന്നും പിന്തിരിപ്പിച്ചത്.
ഒടുവില്‍ ചേംബറിന് പുറത്തേക്ക് വന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് പിരിമുറുക്കത്തിന് അയവ് വന്നത്.
ഇതിനിടെ കേന്ദ്രത്തില്‍ നിന്നും എകെ ആന്റണിയുള്‍പ്പെടെയുള്ളവര്‍ ചാണ്ടിയെ വിളിയ്ക്കുകയും ചാടിക്കയറി തീരുമാനമെടുക്കരുതെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവത്രേ. ഇതിനിടെ ഹൈക്കമാന്റും രാജി ആവശ്യമില്ലെന്ന നിലപാട് അറിയിച്ചു.
രാജി തീരുമാനത്തില്‍നിന്നും പിന്മാറിയെങ്കിലും ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പിന്റെ ചുമതല ഒഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുമ്പോള്‍ അതിന്റെ തലപ്പത്ത് അദ്ദേഹം ഉണ്ടാകുന്നതിന്റെ അനൗചിത്യം കണക്കിലെടുത്താണ് ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കാനുള്ള ആലോചന.
ഉമ്മന്‍ചാണ്ടി വിജിലന്‍സിന്റെ ചുമതല ഒഴിഞ്ഞാല്‍ പകരം കെ.സി. ജോസഫിനെയോ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയോ കെ. ബാബുവിനെയോ ഏല്പിക്കാനാണ് സാദ്ധ്യത. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യസമിതി 11ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. പാമോയില്‍ കേസിനെക്കുറിച്ചുള്ള ചര്‍ച്ച അന്നുണ്ടാവും.












Click it and Unblock the Notifications