ഹസാരെയെ മോചിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത് രാഹുല്‍

അണ്ണാ ഹസാരെയെ അറസ്റ്റ് ചെയ്തതില്‍ രാഹുല്‍ ഗാന്ധി അതൃപ്തി രേഖപ്പെടുത്തിയെന്നാണ് അറിയുന്നത്. അറസ്റ്റിനെത്തുടര്‍ന്ന് രാജ്യത്ത് ഇരമ്പിയ പ്രതിഷേധം യുപിഎയുടെ പ്രതിച്ഛായയെ വല്ലാതെ ബാധിക്കുമെന്ന നിഗമനത്തിലാണത്രേ രാഹുല്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്.
ഹസാരെയുടെ അറസ്റ്റിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധമാണ് എത്രയും വേഗം അദ്ദേഹത്തെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതിന് കാരണം. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഹസാരെയെ മോചിപ്പിക്കാന്‍ തീരുമാനമെടുത്തത്.
ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്ത അണ്ണാ ഹസാരെയെ കോടതി ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ തീഹാര്‍ ജയിലിലേക്ക് മാറ്റിയത്. നിരാഹാര സമരം നടത്തില്ല എന്ന് രേഖാമൂലം എഴുതി നല്‍കിയാല്‍ മോചിപ്പിക്കാമെന്ന് ദില്ലി പൊലീസ് ഉപാധി വച്ചു എങ്കിലും ഹസാരെ അത് അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയതും റിമാന്‍ഡ് ചെയ്തതും.
ശക്തമായ ജനലോക്പാല്‍ ബില്ലിനു വേണ്ടി ജെപി പാര്‍ക്കില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 7:30ന് ആണ് ഹസാരെയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, അറസ്റ്റിലായിട്ടും കൃത്യം പത്ത് മണി മുതല്‍ ഹസാരെ നിരാഹാരം ആരംഭിച്ചിരുന്നു.
രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ തുടക്കമാണ് തന്റെ അറസ്റ്റ് എന്നും അഴിമതിക്കെതിരെ പോരാടുന്ന എല്ലാവരും ജയില്‍ നിറയ്ക്കല്‍ സമരം നടത്തണമെന്നും അണ്ണാ ഹസാരെ അറസ്റ്റിനു ശേഷം പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications