റഷ്യയുടെ ബഹിരാകാശ ഹോട്ടല്‍ 2016ല്‍

ബഹിരാകാശത്ത് അവധിക്കാലം ചെലവഴിയ്ക്കാനായി നിര്‍മിയ്ക്കുന്ന ഹോട്ടല്‍ 2016ല്‍ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് ഓര്‍ബിറ്റല്‍ ടെക്‌നോളജീസ് എന്ന കമ്പനി അറിയിച്ചിരിയ്ക്കുന്നത്. ഭൂമിയില്‍ നിന്ന് 217 മൈല്‍ ഉയരത്തിലുള്ള ഈ ഹോട്ടലില്‍ ഒട്ടേറെ ആഡംബരസൗകര്യങ്ങളുമുണ്ടാവും.
റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസ്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍കെകെ എനര്‍ജിയ എന്നിവയുടെ സഹായത്തോടെയാണ് ഓര്‍ബിറ്റല്‍ ഹോട്ടല്‍ നിര്‍മ്മിക്കുന്നത്.
അതേസമയം, ബഡ്ജറ്റ് വിനോദയാത്രകള്‍ നോക്കിനടക്കുന്ന മാന്യമാര്‍ തത്കാലം സ്‌പേസ് റിസോര്‍ട്ടിലേക്ക് പോകുന്ന കാര്യം ആലോചിയ്‌ക്കേണ്ട. റിസോര്‍ട്ടിലേക്ക് പോകാന്‍ സോയൂസ് റോക്കറ്റില്‍ രണ്ടു ദിവസത്തെ സഞ്ചാരത്തിന് വേണ്ടിവരുന്ന യാത്രാച്ചെലവായ അഞ്ചു ലക്ഷം പൗണ്ടിനു (3.7 കോടി രൂപ) പുറമേ ഹോട്ടലിലെ അഞ്ചു ദിവസ താമസത്തിന് ഒരു ലക്ഷം പൗണ്ടും (74 ലക്ഷം രൂപ) നല്‍കണമെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തെ പിന്നാലാക്കുന്ന മികച്ച സൌകര്യങ്ങളാണ് ഈ ബഹിരാകാശ ഹോട്ടലില്‍ ഒരുക്കുന്നത്. നാലു ക്യാബിനുകളിലായി ഏഴ് അതിഥികള്‍ക്ക് താമസിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ടാവും. ഭാരമില്ലാതെ ഒഴുകിനടക്കാവുന്ന ബഹിരാകാശത്ത് അതിഥികള്‍ക്കു ലംബമോ തിരശ്ചീനമോ ആയ കിടക്കകള്‍ തിരഞ്ഞെടുക്കാം. താഴെ കറങ്ങിത്തിരിയുന്ന ഭൂമിയെ നന്നായി കണ്ട് ആസ്വദിക്കുന്നതിനായി വലിയ ചില്ല ജനാലകള്‍ ഈ സ്‌പേസ് ഹോട്ടലിന്റെ പ്രത്യേകതയാണ്.
ബഹിരാകാശയാത്രയില്‍ ഏറെ അനുഭസമ്പത്തുള്ള ഒരാള്‍ അതിഥികളെ സഹായിക്കാനായി ഹോട്ടലില്‍ ഉണ്ടാവും. ഭൂമിയില്‍ നിന്നു കൊണ്ടുവരുന്ന ഭക്ഷണം ഇയാള്‍ വിളമ്പിത്തരുകയും ചെയ്യും. ഐസ് ചായ, മിനറല്‍ വാട്ടര്‍, പഴച്ചാറ് എന്നിവയൊക്കെ ഇവിടെ കിട്ടും.എന്നാല്‍ ലേശം പൂസായി ബഹിരാകാശത്തെ ഹോട്ടലില്‍ പറന്നുനടക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് നടപ്പില്ല, മദ്യത്തിനു കര്‍ശന നിരോധനം ഇവിടെയുണ്ടാകും.
വ്യക്തികളും സാങ്കേതിക വിദഗ്ധരും പര്യവേക്ഷകരുമെല്ലാം ഹോട്ടലിലെ ഇടപാടുകാരായിരിക്കും. അതേസമയം റഷ്യയുടെ ബഹിരാകാശ വിനോദ സഞ്ചാര കേന്ദ്രം അന്താരാഷ്ട്ര സ്‌പേസ് സ്‌റ്റേഷന് വെല്ലുവിളി ആയിരിക്കില്ല. കാരണം, ഗവേഷണ, ശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടാണ് സ്‌പേസ് സ്‌റ്റേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications