കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഗീതസംവിധായകന്‍ ജോണ്‍സണ്‍ അന്തരിച്ചു

  • By Lakshmi
Google Oneindia Malayalam News

Johnson
ചെന്നൈ: മലയാളിയ്ക്ക് മറക്കാനാവാത്ത മധുരഗാനങ്ങള്‍ നല്‍കിയ ചലച്ചിത്രസംഗീതസംവിധായകന്‍ ജോണ്‍സണ്‍(58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ കാട്ടുപാക്കത്തെ വീട്ടില്‍ നിന്ന് പോരൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴി വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു അന്ത്യം.

മൃതദേഹം വെള്ളിയാഴ്ച ചെന്നൈയിലെ കാട്ടുപാക്കത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് തൃശ്ശൂരിലേക്ക് കൊണ്ടുപോകും. ശവസംസ്‌കാരം തൃശൂരിലാണ് നടത്തുക.തൃശ്ശൂര്‍ ചേലക്കോട്ടുകര തട്ടില്‍ വീട്ടില്‍ ആന്റണിയുടെയും മേരിയുടെയും മകനാണ് ജോണ്‍സണ്‍. ഇടക്കൊച്ചി വേലിക്കകത്ത് വീട്ടില്‍ റാണിയാണ് ഭാര്യ. ഷാന്‍ ജോണ്‍സണ്‍, റെന്‍ ജോണ്‍സണ്‍ എന്നിവര്‍ മക്കളാണ്.

ഗായകന്‍ പി.ജയചന്ദ്രനാണ് ജോണ്‍സണെ സംഗീത സംവിധായകന്‍ ജി.ദേവരാജന്‍ മാസ്റ്റര്‍ക്ക് പരിചയപ്പെടുത്തുന്നത്. ജോണ്‍സന്റെ കഴിവ് തിരിച്ചറിഞ്ഞ ദേവരാജന്‍ മാസ്റ്റര്‍ 1974ല്‍ ചെന്നൈയിലേക്ക് കൊണ്ടുവരികയായിരുന്നു.

ഇതോടെ ചലച്ചിത്ര ഗാനശാഖയില്‍ ജോണ്‍സണ്‍ സംഗീതമെന്ന് വിശേഷിപ്പിക്കാവുന്ന ഗാനങ്ങള്‍ തുടങ്ങുകയായിരുന്നു. 1978ല്‍ ഭരതന്‍ സംവിധാനം ചെയ്ത ആരവം എന്ന ചിത്രത്തിന് സംഗീതം നല്‍കിയാണ് ജോണ്‍സണ്‍ സംഗീത സംവിധായകനാവുന്നത്. '81ല്‍ പുറത്തിറങ്ങിയ, സില്‍ക്ക് സ്മിത നായികയായ 'ഇണയെത്തേടി' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്.

തുടര്‍ന്ന് ഭരതന്റെ 'പാര്‍വതി' എന്ന ചിത്രത്തിന് ഈണം നല്കി. 1980ല്‍ സംഗീതം നിര്‍വഹിച്ച 'തകര'യിലെയും 'ചാമര'ത്തിലെയും ഗാനങ്ങള്‍ ജോണ്‍സണ്‍ എന്ന സംഗീത സംവിധായകനെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനാക്കിമാറ്റി.

സംവിധായകന്‍ പത്മരാജനുമായുള്ള ബന്ധമാണ് ജോണ്‍സണെ ഏറ്റവും പ്രശസ്തനാക്കിയത്. പത്മരാജന്റെ 'കൂടെവിടെ' എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ഈ ചിത്രത്തിലെ 'ആടി വാ കാറ്റേ...' എന്ന ഗാനം സൂപ്പര്‍ഹിറ്റായി മാറി. പത്മരാജന്റെ 17 ചിത്രങ്ങള്‍ക്ക് ജോണ്‍സണ്‍ സംഗീതം പകര്‍ന്നിട്ടുണ്ട്. ഞാന്‍ ഗന്ധര്‍വന്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നൊമ്പരത്തിപ്പൂവ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

അല്‍പ്പകാലം സംഗീതസംവിധാനരംഗത്തുനിന്ന് മാറിനില്‍ക്കേണ്ടി വന്ന ജോണ്‍സണ്‍ 2006ല്‍ ഫോട്ടോഗ്രാഫര്‍ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നെങ്കിലും പിന്നീട് ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹത്തിന് ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ ഒട്ടേറെ ആല്‍ബങ്ങള്‍ക്കു വേണ്ടി അദ്ദേഹം സംഗീതം നിര്‍വഹിച്ചു.

മികച്ച പശ്ചാത്തല സംഗീതം നിര്‍വഹിച്ചതിന് രണ്ടു തവണ ദേശീയ അവാര്‍ഡ് ലഭിച്ചു. പൊന്തന്‍മാട , സുകൃതം എന്നീ ചിത്രങ്ങള്‍ക്കായിരുന്നു ഇത്. ഓര്‍മയ്ക്കായി (1982), വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി (1989), അങ്ങനെ ഒരു അവധിക്കാലത്ത് (1999) എന്നീ ചിത്രങ്ങളുടെ സംഗീതസംവിധാനത്തിന് കേരള സംസ്ഥാന അവാര്‍ഡും ജോണ്‍സണ് ലഭിച്ചു. കൂടാതെ സദയം (1992), സല്ലാപം (1996) എന്നീ ചിത്രങ്ങളുടെ പശ്ചാത്തലസംഗീതമൊരുക്കിയതിനും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിന്റെ സംഗീതത്തിന് 2006ല്‍ മാതൃഭൂമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

നാലുതവണ കേരള ഫിലിം ക്രിട്ടിക്‌സ് അവര്‍ഡും നേടി. ദേവരാജന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ അവര്‍ഡ്, രവീന്ദ്രന്‍ മാസ്റ്റര്‍ മെമ്മോറിയില്‍ അവാര്‍ഡ്, മുല്ലശ്ശേരി രാജു മ്യൂസിക്ക് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിനെ തേടിയെത്തി.

English summary
Top-notch Malayalam music director Johnson died of a heart attack this evening at a private hospital in Chennai, film industry sources said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X