അന്ത്യശാസനവുമായി ഹസാരെ; സര്‍ക്കാറിന് കുലുക്കമില്ല

ഹസാരെയുടെ നിരാഹാരം ഞായറാഴ്ച അഞ്ചാം ദിവസത്തേക്കു കടന്നെങ്കിലും സമവായസാധ്യത തെളിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉന്നതാധികാരസമിതിയോഗത്തിനു ശേഷം ഹസാരെയുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഹസാരെസംഘം പറയുന്നത്.
ഓഗസ്റ്റ് 30നുള്ളില്‍ ജന്‍ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്നാണ് ഹസാരെ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് നാലിന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് ഹസാരെയുടെ ആവശ്യം.
ബില്‍ നടപ്പാക്കാന്‍ കാലപരിധി നിശ്ചയിക്കാനാവില്ലെന്ന് നിയമനീതികാര്യ പാര്‍ലമെന്ററി സമിതി അധ്യക്ഷനും കോണ്‍ഗ്രസ് രാജ്യസഭാംഗവുമായ മനു അഭിഷേക് സിങ്‌വി പറഞ്ഞു.
ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ നടപടിയെടുക്കുന്നതിന് പ്രാഥമികമായി മൂന്നുമാസത്തെ സമയം തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജന്‍ലോക്പാല്‍ ബില്‍ പെട്ടെന്നു നടപ്പാക്കണമെന്ന് ഹസാരെയും നിലവിലുള്ള ബില്ലുമായി പാര്‍ലമെന്ററി സമിതിയും മുന്നോട്ടു പോവാന്‍ തീരുമാനിച്ചതോടെ തര്‍ക്കം രൂക്ഷമാകുമെന്നാണ് സൂചന.
അതിനിടെ, പാര്‍ലമെന്റില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്ലിന് പൊതുജനാഭിപ്രായം തേടി പാര്‍ലമെന്ററി സമിതി ശനിയാഴ്ച ദേശീയദിനപ്പത്രങ്ങളില്‍ പരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യക്തികളോ സംഘടനകളോ 15 ദിവസത്തിനുള്ളില്‍ അഭിപ്രായം അറിയിക്കണമെന്നാണ് നിര്‍ദേശം. ഇതോടെ പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിലും ബില്‍ ചര്‍ച്ചയ്‌ക്കെടുത്ത് പാസാക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.
പൊതുജനാഭിപ്രായം തേടിയുള്ള സര്‍ക്കാര്‍ പരസ്യത്തെ ഹസാരെസംഘം പരിഹസിച്ചു. ജനങ്ങളുടെയും എം.പി. മാരുടെയും സമയം പാഴാക്കാനുള്ള ശ്രമമാണതെന്ന് അരവിന്ദ് കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. സര്‍ക്കാറിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ ഹസാരെ ആവശ്യപ്പെട്ടപോലെ 30നുള്ളില്‍ ജന്‍ലോക്പാല്‍ ബില്‍ അംഗീകരിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷണ്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഇത്തരം കാര്യങ്ങളെല്ലാം സര്‍ക്കാറാണ് തീരുമാനിക്കേണ്ടതെന്നാണ് അഭിഷേക് സിങ്‌വി പറയുന്നത്.












Click it and Unblock the Notifications