ഹസാരെയ്ക്കുമുന്നില്‍ സര്‍ക്കാര്‍ വഴങ്ങുന്നു

ജനലോക്പാല്‍ ബില്ലിലെ വ്യവസ്ഥകള്‍ അടങ്ങുന്ന ബില്‍ പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ സര്‍ക്കാരും സമരക്കാരുമായി ഏകദേശ ധാരണയായി.
ഹസാരെ പക്ഷത്തെ അരവിന്ദ് കെജരിവാളും അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണും കിരണ്‍ ബേദിയുമായി പ്രണബ് മുഖര്‍ജി ചൊവ്വാഴ്ച രാത്രി നടത്തിയ ചര്‍ച്ചയിലാണ് സമവായം രൂപപ്പെട്ടത്. ചര്‍ച്ചയിലെ ധാരണയുടെ അടിസ്ഥാനത്തില്‍ ഹസാരെ ബുധനാഴ്ച അന്തിമ തീരുമാനമെടുക്കുമെന്ന് അംഗങ്ങള്‍ വ്യക്തമാക്കി.
അവസാന തീരുമാനം ആയില്ലെങ്കിലും ചര്‍ച്ചയില്‍ ഇരുപക്ഷവും ചൊവ്വാഴ്ച പ്രതീക്ഷ പ്രകടിപ്പിച്ചു. ജന്‍ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന ഉറപ്പ് രേഖാമൂലം നല്‍കണമെന്ന ആവശ്യം ഹസാരെ പക്ഷം ചര്‍ച്ചയില്‍ ഉന്നയിച്ചു. പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് അടക്കമുളള വിഷയങ്ങളില്‍ ഏകദേശ ധാരണയുണ്ടായിട്ടുണ്ട്.
ബുധനാഴ്ച രാവിലെ ഹസാരെയുമാതി സംഘാംഗങ്ങള്‍ നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷമാവും നിരാഹാരം തുടരണോ എന്ന് തീരുമാനിക്കുക. ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്നും ആശുപത്രിയിലേക്ക് മാറാന്‍ തയ്യാറല്ലെന്നും ഹസാരെ ചൊവ്വാഴ്ച രാത്രി ഉറങ്ങും മുമ്പ് വ്യക്തമാക്കിയിരുന്നു.
അറസ്റ്റു ചെയ്തു നീക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അഹിംസാ മാര്‍ഗത്തില്‍ അത് ചെറുക്കണമെന്ന് ആഹ്വാനംചെയ്ത ശേഷമാണ് ഹസാരെ ഉറങ്ങാന്‍ പോയത്.
ജന്‍ ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ അന്ന ഹസാരെയുടെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടിനെത്തുടര്‍ന്ന് കേന്ദ്രം ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വഴങ്ങുകയായിരുന്നു. ആവശ്യങ്ങള്‍ പരമാവധി അനുഭാവത്തോടെ പരിഗണിക്കാമെന്നുകാട്ടി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നേരിട്ട് അന്നാ ഹസാരെയ്ക്ക് കത്തെഴുതുകയും മദ്ധ്യസ്ഥനായി മന്ത്രി പ്രണബ് മുഖര്‍ജിയെ നിയോഗിക്കുകയും ചെയ്തു.
ഹസാരെയുടെ നിരാഹാരം എട്ടാം ദിവസത്തേക്ക് കടന്നപ്പോഴും ജനപിന്തുണ വര്‍ദ്ധിച്ചുവരുന്നതും ഹസാരെയുടെ ആരോഗ്യനില മോശമായിത്തുടങ്ങിയതും മന്ത്രിമാരുടെ വീടുകള്‍ക്ക് മുന്നില്‍ സമരം ആരംഭിച്ചതുമാണ് സര്‍ക്കാരിനെ ചര്‍ച്ചയ്ക്ക് പ്രേരിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications