മെഡിക്കല്‍ കോളെജില്‍ കുളിമുറിദൃശ്യം പകര്‍ത്തല്‍
കോഴിക്കോട്: മൊബൈല്‍ ഫോണുപയോഗിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലെ പത്താം വാര്‍ഡിലെ സ്ത്രീകളുടെ കുളിമുറി രംഗങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കൂട്ടിരിപ്പുകാരനെ പിടികൂടി.
ഒരു രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീ കുളിക്കുന്നതിനിടെയാണ് ദൃശ്യം പകര്‍ത്താന്‍ ശ്രമമുണ്ടായത്. ഇവിടെ സ്ത്രീകള്‍ക്കായുള്ള കുളിമുറിയുടെ വാതില്‍ പൂര്‍ണമായി അടയുന്നതല്ല. ഈ വിടവിലൂടെയാണ് വിരുതന്‍ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചത്.
കുളിക്കുകയായിരുന്ന സ്ത്രീ തന്നെ പുറത്തിറങ്ങി ഇയാളെ കയ്യോടെ പിടികൂടി. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളെജ് പൊലീസിനു കൈമാറുകയായിരുന്നു.
പരിശോധനയ്ക്കായി മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിനു കൈമാറി. മൊബൈല്‍ ഫോണില്‍ കുളിമുറി ദൃശ്യങ്ങളുണ്ടോ എന്നു വ്യക്തമായ ശേഷം ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications