ഷെയര്‍ട്രേഡിങ്: ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

1 സമയത്തില്‍ വിട്ടുവീഴ്ചയില്ലാതിരിക്കുക
ഏതൊരു നിക്ഷേപം ആരംഭിക്കുന്നതിനു മുമ്പ് ആ നിക്ഷേപത്തിന് ഒരു സമയപരിധിയോ അല്ലെങ്കില്‍ ലാഭം ലഭിക്കേണ്ടതിന് ഒരു പരിധിയോ മനസ്സില്‍ നിശ്ചയിക്കണം. ഇന്‍ട്രേഡിയില്‍ വാങ്ങിയ ഓഹരികള്‍ എന്തു വിലകൊടുത്തും അന്നു തന്നെ കൊടുത്തൊഴിവാക്കണം. നീണ്ട കാലത്തേക്ക് ഹോള്‍ഡ് ചെയ്യാന്‍ ഫണ്ടില്ലെങ്കില്‍ ഓഹരിയെ ഡെലിവറിയാക്കി മാറ്റുന്നതിലൂടെ നഷ്ടം വീണ്ടും കൂടുക മാത്രമേ ചെയ്യൂ. അതുപോലെ വിപണി നഷ്ടത്തിലേക്ക് നീങ്ങുന്നതുകണ്ട് ലോങ് ഹോള്‍ഡിങിലുള്ള ഫണ്ടുകള്‍ കൊടുത്തൊഴിവാക്കരുത്.
2 ടെക്‌നിക്കല്‍ അല്ലെങ്കില്‍ ഫണ്ടമെന്റല്‍
സാങ്കേതികമായ(ടെക്‌നിക്കല്‍) വിശകലനത്തിനുശേഷമാണ് നിങ്ങള്‍ ഓഹരികള്‍ വാങ്ങുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഫോളോ ചെയ്യേണ്ടത് സാങ്കേതികവിശകലനങ്ങളെയാണ്. അടിസ്ഥാനപരമായി ശക്തമായ ഓഹരികളാണ് നിങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ അതും.
തീര്‍ച്ചയായും രണ്ടും കൂട്ടിക്കുഴയ്ക്കരുത്. കാരണം ടെക്‌നിക്കല്‍ വിശകലനത്തിലൂടെ ഓഹരികള്‍ കണ്ടെത്തുന്നത് കഴിഞ്ഞകാല പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്. അതേ സമയം കൂടുതലും വരാനിരിക്കുന്ന കാര്യങ്ങള്‍ പരിഗണിച്ചാണ് ഫണ്ടമെന്റല്‍ ഓഹരികള്‍ കണ്ടെത്തുന്നത്.
3 നിലപാടില്‍ ഉറച്ചുനില്‍ക്കുക
ടെക്‌നിക്കലായാലും ഫണ്ടമെന്റലായാലും നിങ്ങള്‍ ഏതെങ്കിലും ഓഹരികള്‍ വാങ്ങിയാല്‍ പിന്നെ അതില്‍ ഉറച്ചു നില്‍ക്കണം. എല്ലാ ദിവസവും പൊസിഷന്‍ വിശകലനം ചെയ്യുകയും തീരുമാനം ഊട്ടിയുറപ്പിക്കുകയും വേണം. മറ്റുള്ളവരുടെ ഉപദേശങ്ങള്‍ക്കനുസരിച്ച് ചാടിക്കളിക്കരുതെന്ന് ചുരുക്കം. മാറ്റം വരുത്തുന്നുവെങ്കില്‍ ഇത് നിങ്ങളെ വാങ്ങാന്‍ പ്രേരിപ്പിച്ച അടിസ്ഥാനഘടകങ്ങളില്‍ മാറ്റം വരുമ്പോള്‍ മാത്രമായിരിക്കുക.
4 പൊസിഷന്‍ അഡ്ജസ്റ്റ് ചെയ്യുക
ചിലപ്പോള്‍ നിങ്ങളുടെ വാങ്ങാനുള്ള തീരുമാനം തെറ്റായേക്കാം. പക്ഷേ, വിപണി തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ വീണ്ടും അതേ ഓഹരികള്‍ വാങ്ങി ആവറേജ് ചെയ്യാന്‍ അമിതമായി ശ്രമിച്ചാല്‍ നഷ്ടം കൂടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് നഷ്ടത്തിനു ഒരു പരിധിവയ്ക്കുന്നത് നല്ലതാണ്. ഉദാഹരണത്തിന് ടാറ്റാ സ്റ്റീല്‍ 450നു താഴേക്കു പോവുകയാണെങ്കില്‍ വിറ്റൊഴിവാക്കാമെന്ന് നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ആ വിലക്ക് കൊടുക്കുന്നതാണ് നല്ലത്. പക്ഷേ, വിപണി തിരിച്ചുവരുമെന്ന് കരുതി അതു തന്നെ കുറേ കൂടി വാങ്ങുന്നത് പണം കെട്ടികിടക്കുന്നതിനേ സഹായിക്കൂ. കാരണം സാങ്കേതികപരമായി ഏറെ താഴേക്കിറങ്ങിയ ഓഹരി തിരിച്ചുകയറണമെങ്കില്‍ ചിലപ്പോള്‍ മാസങ്ങളെടുക്കും. അത്രയും കാലം ആ പണം ലോക്കായി കിടക്കും. പക്ഷേ, ട്രേഡിങ് നടത്താതെ നിക്ഷേപം ചെയ്യുന്നരാള്‍ ഇങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല.
5 ചെലവ് എത്രയാണെന്ന് ഓര്‍മ്മ വേണം
ഷോര്‍ട്ട് ടേം ട്രേഡിങ് നടത്തുന്നവര്‍ എപ്പോഴും ചിന്തിക്കേണ്ട കാര്യം വാങ്ങുന്നതിനും വില്‍ക്കുന്നതിനും പണം കൊടുക്കുന്നുണ്ടെന്ന കാര്യമാണ്. തുടര്‍ച്ചയായി വാങ്ങുന്നതും വില്‍ക്കുന്നതും മൂലമുള്ള കമ്മീഷനുകളും അതിനിടെയുണ്ടാവുന്ന നഷ്ടങ്ങളും കണക്കുകൂട്ടണം. ഈ കമ്മീഷനുകള്‍ ഏറ്റവും കുറഞ്ഞതായിരിക്കാന്‍ ട്രേഡിങ് സ്ഥാപനങ്ങളുമായി സംസാരിക്കണം.
6 ലാഭം എടുക്കണം, നഷ്ടം കൊടുക്കണം
ഇന്‍ട്രാഡേ, ഷോര്‍ട്ട് ടേം വാങ്ങിയ സ്‌ക്രിപ്റ്റ് ലാഭത്തിലെത്തിയാല്‍ ഉടന്‍ കൊടുക്കണം. നാളെയാവട്ടെ എന്നു കാത്തിരിക്കരുത്. അതുപോലെ ഓഹരി നഷ്ടത്തിലേക്ക് നീങ്ങിയാല്‍ ആ നഷ്ടം ഉടന്‍ സഹിക്കാന്‍ തയ്യാറാവണം. അല്ലെങ്കില്‍ കൂടുതല്‍ നഷ്ടത്തിലേക്ക് വീഴും.
7 സമ്മര്‍ദ്ദത്തെ അതിജീവിക്കാനാവണം
പണമുണ്ടാക്കുന്നതിനുവേണ്ടി പണമിറക്കി നിങ്ങള്‍ റിസ്‌കെടുക്കുന്നുണ്ട്. സ്വാഭാവികമായും ഇത് അത്യന്തം മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന ഒന്നാണ്. കൈവശമുള്ള ഓഹരികള്‍ മുഴുവന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയേക്കാം. ലക്ഷങ്ങള്‍ നഷ്ടം വന്നേക്കാം. ഈ സമയത്തെല്ലാം സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സ്വന്തമായി ഓരോ രീതികള്‍ കണ്ടെത്തണം. കഴിയുന്നില്ലെങ്കില്‍ ട്രേഡിങ് മതിയാക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക












Click it and Unblock the Notifications