കായംകുളം എംഎല്‍എയുടെ മകനെ ഗുണ്ടാസംഘം മര്‍ദ്ദിച്ചു
ആലപ്പുഴ: കായംകുളം എംഎല്‍എ സി.കെ. സദാശിവന്റെ മകന്‍ പ്രവീണിനെ ഗുണ്ടാസംഘം മര്‍ദ്ദിച്ചവശനാക്കി. തലയ്ക്കടിയേറ്റ പ്രവീണ്‍ (23) ആലപ്പുഴ ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.
പ്രവീണിന്റെ തലയ്ക്ക് നാലു തുന്നലുണ്ട്. തിങ്കളാഴ്ച വൈകീട്ട് 6.30 ഓടെ ആലപ്പുഴ കൈതവനയിലാണ് സംഭവം.
എട്ടുപേരടങ്ങുന്ന ഗുണ്ടാസംഘം മറ്റൊരു യുവാവിനെ തല്ലിച്ചതയ്ക്കുന്നതുകണ്ട് ചോദ്യംചെയ്തപ്പോഴാണ് പ്രവീണിനുനേരെ ആക്രമണമുണ്ടായത്. ഹെല്‍മറ്റുകൊണ്ടും പട്ടികകൊണ്ടുമാണ് പ്രവീണിനെ സംഘം ആക്രമിച്ചത്.
തായ്‌ക്വോണ്‍ഡോ പരിശീലനത്തിനായി പ്രവീണ്‍ തോണ്ടന്‍കുളങ്ങരയിലെ വീട്ടില്‍നിന്ന് പറവൂരിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് കൈതവനയില്‍വച്ച് നാട്ടുകാര്‍ നോക്കിനില്‍ക്കെ ഗുണ്ടാസംഘം ആലപ്പുഴ ഗുരുമന്ദിരം വാര്‍ഡ് മാത്തപറമ്പില്‍ നെല്‍സാമിനെ (19) തല്ലിച്ചതയ്ക്കുന്നത് കണ്ടത്.
തല്ലരുതെന്നു പറഞ്ഞ് പ്രവീണ്‍ തടസ്സം പിടിക്കാനെത്തിയപ്പോള്‍ സംഘത്തിലെ ഒരാള്‍ പിന്നില്‍നിന്ന് ഹെല്‍മറ്റുകൊണ്ട് തലയ്ക്കടിച്ചു. തുടര്‍ന്ന് മറ്റുള്ളവര്‍ പട്ടികകൊണ്ടും അടിക്കാന്‍ തുടങ്ങി. അടി തടുത്തതിനാല്‍ കൈക്ക് പൊട്ടലുണ്ടായിട്ടുണ്ട്.
ഇതിനിടെ നാട്ടുകാര്‍ ഓടിക്കൂടി ഗുണ്ടകളെ തല്ലിയോടിക്കുകയായിരുന്നു. ഇലക്ട്രീഷനായ നെല്‍സാമിനെ കൈതവനയില്‍വച്ച് ഒരു പ്രകോപനവുമില്ലാതെ ഗുണ്ടാസംഘം മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ നെല്‍സാമും ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടി.
ആലപ്പുഴ സൗത്ത് പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അക്രമികളെന്നു കരുതുന്ന രണ്ടുപേരെ പോലീസ് പിടികൂടിയതായാണ് സൂചന.












Click it and Unblock the Notifications