ഒരുനാള്‍ എന്റെ സമരവും അംഗീകരിക്കപ്പെടും: ശര്‍മിള

ആരെയും എപ്പോഴും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും വെടിയുതിര്‍ക്കാനും പട്ടാളത്തിന് അധികാരം നല്‍കുന്ന സായുധസേനാ പ്രത്യേകാധികാര നിയമം മണിപ്പൂരില്‍ നടപ്പാക്കിയതിനെതിരേ കഴിഞ്ഞ പത്തുവര്‍ഷമായി ശര്‍മിള നിരാഹാരസമരത്തിലാണ്.
കേന്ദ്ര സര്‍ക്കാര്‍ ഹസാരെയെ യഥാര്‍ഥ പൗരനായി അംഗീകരിക്കുകയും അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. മണിപ്പൂരിലെ അവകാശലംഘനത്തിനെതിരായ എന്റെ സമരവും ഒരു ദിവസം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് ഉറപ്പുണ്ട്- ശര്‍മിള മണിപ്പൂരിലെ പ്രാദേശിക കോടതിക്കുപുറത്തു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
മണിപ്പൂരില്‍ എന്താണു സംഭവിക്കുന്നതെന്നറിയാന്‍ ഹസാരെ ഇവിടം സന്ദര്‍ശിക്കണമെന്നാണു തന്റെ ആഗ്രഹമെന്നും ശര്‍മിള പറഞ്ഞു.ആശുപത്രി വിട്ടാലുടന്‍ അണ്ണാ ഹസാരെ, ശര്‍മിളയെ സന്ദര്‍ശിക്കുമെന്ന് അദ്ദേഹത്തിന്റെ അനുയായി അഖില്‍ ഗോഗോയി വ്യക്തമാക്കി.
തന്റെ വീടിനു മുന്നില്‍ പത്തു യുവാക്കളെ പട്ടാളം വെടിവച്ചു കൊന്നതിനു സാക്ഷിയായതിനെത്തുടര്‍ന്ന് 2000 നവംബര്‍ രണ്ടിനു സമരം തുടങ്ങിയ ഉടനെ ശര്‍മിളയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും നിരാഹാരം അവസാനിപ്പിക്കാന്‍ തയാറാകാതിരുന്നതിനാല്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
തുടര്‍ന്നു ട്യൂബിലൂടെ ദ്രവരൂപത്തിലുള്ള ആഹാരം ബലമായി പോലീസ് നല്‍കുകയായിരുന്നു. കോടതികള്‍ ശര്‍മിളയെ പലതവണ മോചിപ്പിച്ചിരുന്നു. എന്നാല്‍ പുറത്തെത്തിയാലുടന്‍ അവര്‍ നിരാഹാരം തുടരുകയും വീണ്ടും അറസ്റ്റിലാകുകയുമാണു പതിവ്.
ഹസാരെയുള്ള സമരത്തിനു മാധ്യമങ്ങളും പൊതുസമൂഹവും നല്‍കിയ പിന്തുണ ശര്‍മിളയുടെ സമരത്തിനു നല്‍കിയില്ലെന്ന് ആരോപിച്ചു മണിപ്പൂരിലെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സ്വയംഭരണാധികാരം ആവശ്യപ്പെട്ടുള്ള വിഘടനവാദ സംഘടനകളുടെ പോരാട്ടത്തില്‍ കഴിഞ്ഞ രണ്ടു ദശാബ്ദത്തിനുള്ളില്‍ പതിനായിരത്തോളം പേരാണ് മണിപ്പൂരില്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications