ജയ്പ്പൂര്‍: കാബിനറ്റ് മന്ത്രി മഹിപാല്‍ മദെര്‍നയുമായി ബന്ധപ്പെട്ട് വിവാദത്തിലായ നഴ്‌സ് ഭന്‍വരി ദേവി കൊല്ലപ്പെട്ടതായി സംശയം. ഝാന്‍സിക്കടുത്തുള്ള ഉറയില്‍ നിന്നു കണ്ടെത്തിയ മൃതദേഹം ഈ ഊഹം ബലപ്പെടുത്തുന്നു. എന്നാല്‍ പോലിസ് ഇക്കാര്യം നിരാകരിച്ചിട്ടുണ്ട്. ബിജെപി ശക്തമായ പ്രക്ഷോഭം ആരംഭിച്ചതിനെ തുടര്‍ന്ന് കേസ് സിബിഐക്കു വിടാന്‍ അശോക് ഗെഹ്‌ലാട്ട് സര്‍ക്കാര്‍ ഇതിനകം ഉത്തരവിട്ടിട്ടുണ്ട്.
മന്ത്രിയെ കെട്ടിപ്പിടിച്ചുകൊണ്ട് നില്‍ക്കുന്ന ഒരു വീഡിയോ ക്ലിപ്പ് പുറത്തുവന്ന ഉടനെയാണ് ഭന്‍വരി ദേവിയെ കാണാതായത്. ഭര്‍ത്താവ് അമര്‍ചന്ദ് ജോധ്പൂരിലെ ബിലാര പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭാര്യ കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യത. പതിവായി മന്ത്രി ഫോണ്‍ വിളിക്കാറുണ്ട്. തീര്‍ച്ചയായും ഈ കാണാതാവലിനു പിറകില്‍ അദ്ദേഹത്തിന്റെ കരങ്ങളുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. തന്റെയും മക്കളുടെയും ജീവന് ഭീഷണിയുണ്ട്- പരാതിയില്‍ അമര്‍ചന്ദ് പറഞ്ഞു.